കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന പാരമ്പര്യമുണ്ട് തങ്ങള്‍ക്കെന്ന് ആരാധകര്‍: ഒടിയന്റെ പോസ്റ്റര്‍ കീറിയ യുവാവിനെ തിരഞ്ഞ് പിടിച്ച് ആരാധകര്‍ പണി കൊടുത്തു

പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന പാരമ്പര്യമുണ്ട് തങ്ങള്‍ക്കെന്ന് ആരാധകര്‍. ആരും കാണാതെ ഒടിയന്‍ സിനിമയുടെ പോസ്റ്റര്‍ കീറുന്ന യുവാവിന്റെ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ യുവാവിനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. പിടികൂടുക മാത്രമല്ല, കീറിയ ആളെക്കൊണ്ടു തന്നെ പഴയ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിച്ചുവെക്കുകയും ചെയ്തു.
കൂടാതെ യുവാവ് തന്റെ തെറ്റ് വിശദീകരിക്കുന്ന വിഡിയോയും മോഹന്‍ലാല്‍ ഫാന്‍സ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ വിഡിയോയില്‍ യുവാവ് പോസ്റ്റര്‍ വീണ്ടും ഒട്ടിക്കുന്നതും കാണാം.
റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്റര്‍ വലിച്ചു കീറുന്ന യുവാവിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരെങ്കിലും വരുന്നുണ്ടോയെന്ന് പേടിയോടെ ഇയാള്‍ നോക്കുന്നതും വിഡിയോയില്‍ വ്യക്തമായിരുന്നു. മോഹന്‍ലാലിന്റെ ആരാധകരുടെ പേജിലും പ്രൊഫൈലുകളിലും വിഡിയോ വ്യാപകമായി പ്രചരിച്ചു.
ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ മുഖത്തുളള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍ എന്ന ശീര്‍ഷകത്തോടെ ഫാന്‍സ്‌പേജുകളിലും സമൂഹമാധ്യമങ്ങളിലും ഈ വിഡിയോ വ്യാപകമായി പ്രചരിച്ചു.
ഒടിയനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്നും മോഹന്‍ലാലിന്റെ പടം മുന്‍പും പരാജയപ്പെട്ടിട്ടുണ്ടെന്നും സംവിധായകനെതിരെ ഇത്തരത്തില്‍ ആക്രമണം നടക്കുന്നത് ആദ്യമാണെന്നും ശ്രീകുമാര്‍ മേനോന്റെ അനുഭാവികളും പറയുന്നു.
നേരത്തെ സിനിമയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ഒരാളെ ട്രോളി മുട്ട പഫ്സുകളുമായി റാന്നി ക്യാപിറ്റോള്‍ തീയറ്റര്‍ എത്തിയതും വാര്‍ത്തയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular