കുരുന്നുകളോടൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ ആടിപ്പാടി പാര്‍വ്വതിയും രമ്യയും റിമയും!!! വൈദ്യ സഹായവുമായി മഞ്ജു വാര്യര്‍

പത്തനംതിട്ട: നാടന്‍ പാട്ടുകളും പാവകളിയുമൊക്കെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുരുന്നുകള്‍ക്ക് ആശ്വാസം പകര്‍ന്ന് നടിമാരായ രമ്യാ നമ്പീശനും പാര്‍വതിയും റിമ കല്ലിങ്കലും. പത്തനംതിട്ട ജില്ലയിലെ വല്ലന ടികെഎംആര്‍ വിഎച്ച്എസ്എസില്‍ നടത്തിയ സാംസ്‌കാരിക പരിപാടിയിലാണ് മൂവരും കുരുന്നുകള്‍ക്ക് ആശ്വാസം പകരാനെത്തിയത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

അതേസമയം മഞ്ജു വാര്യരും വൈദ്യ സഹായവുമായി ക്യാമ്പിലെത്തി. ക്യാമ്പിലെ കുട്ടികള്‍ക്ക് ഇവരോട് പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. ആദ്യമായി ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിന്റെ ഷോക്കിലായിരുന്നു പല കുട്ടികളും. കുഞ്ഞുമനസ്സില്‍ മരണം പോലും കണ്‍മുന്നില്‍ കണ്ട നേരം. അടുക്കിക്കൂട്ടിവെച്ച സ്വപ്നങ്ങളെല്ലാം തൂത്തുവാരിക്കൊണ്ടുപോയ പ്രളയം.

ഈ ചെറുപ്രായത്തില്‍ ഇത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടിവന്ന പിഞ്ചുമനസ്സുകള്‍ ആ ഷോക്കില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുമാറിയിരുന്നില്ല. ഈ മാനസിക പിരിമുറുക്കത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനായിരുന്നു വനിതാ ശിശു വികസന വകുപ്പ് ഇത്തരത്തിലുള്ള പരിപാടികള്‍ നടത്തിയത്. നടിമാര്‍ക്കൊപ്പം മലബാറിലെ നാടക, നാടന്‍പാട്ട് കലാകാരന്മാര്‍ കൂടി കൂടിയതോടെ കുട്ടികള്‍ക്ക് സന്തോഷമായി. വൈകുന്നേരം നാലുമണിയോടെയായിരുന്നു മഞ്ജു വാര്യര്‍ എത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular