പാര്‍വ്വതി മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാള്‍; അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ സിനിമയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്നത് നിരാശാജനകം; പിന്തുണയുമായി മുരളി ഗോപി

കസബ വിവാദത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വ്വതിയ്ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ മുരളി ഗോപി. മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്നാണ് പാര്‍വ്വതിയെ കുറിച്ച് മുരളി ഗോപി തന്റെ ഫേസ് ബുക്ക് പേജില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കെതിരായി നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ പാര്‍വ്വതിക്ക് നേരെ ശക്തമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും ഉണ്ടായിരുന്നു. ഇവരുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനത്തിന് യൂടൂബില്‍ ഡിസ്ലൈക്ക് നല്‍കിയും പാര്‍വ്വതി വിരുദ്ധ ക്യാംപെയ്ന്‍ ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പാര്‍വ്വതിക്കെതിരെ പടനീക്കം നടത്തുന്നവര്‍ക്കെതിരെ മുരളി പ്രതികരിച്ചിരിക്കുന്നത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്.

സിനിമ ഒരുപാട് പേരുടെ പ്രയത്നമാണെന്നാണ് അദ്ദേഹം പറയുന്നത്. അഭിപ്രായങ്ങളെ അഭിപ്രായങ്ങളോ മൗനമോ കൊണ്ട് നേരിടാതെ ആയുധം കൊണ്ട് നേരിട്ടാല്‍ ഔചിത്യവും മര്യാദയും ഓര്‍മ്മയായി പോകുമെന്നും മുരളി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതി. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്‌നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍… ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular