ചെങ്ങന്നൂര്‍: സര്‍ക്കാരിനുള്ള അംഗീകാരമെന്ന് പിണറായി വിജയന്‍, കെ.എം മാണി ഇപ്പോള്‍ എവിടെയെന്ന് അച്യുതാനന്ദന്‍, വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. ജനങ്ങളുടെ അംഗീകാരം നേടിയാണ് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. നന്മയുടേയും ക്ഷേമത്തിന്റേയും മതനിരപേക്ഷതയുടേയും വികസനത്തിന്റേയും മുന്നേറ്റങ്ങള്‍ക്ക് ജാതി, മത നിലപാടുകള്‍ തടസമല്ലെന്ന പുതിയ രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ രൂപപ്പെട്ടിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം രാഷ്ട്രീയത്തിന് അതീതമായ ചില അടിയൊഴുക്കുകള്‍ നടന്നുവെന്ന് കെഎം മാണി. കേരളാ കോണ്‍ഗ്രസ് ആത്മാര്‍ഥമായി ദൌത്യം നിര്‍വ്വഹിച്ചു. ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം സര്‍ക്കാരിന്റെ വിലിയിരുത്തലാണെന്ന് പറയാനാകില്ലെന്നും മാണി പറഞ്ഞു.

ചെങ്ങന്നൂരില്‍ എല്‍ഡിഫിന്റേത് ചരിത്ര വിജയമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാറിന്റെ വികസന നയത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകാരമാണ് ഈ വിജയമെന്ന് കോടിയേരി പ്രതികരിച്ചു.

ചെങ്ങന്നൂരിലേത് നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം, തിരിച്ചടി പരിശോധിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ സജിചെറിയാന് 2353 വോട്ടിന്റെ ലീഡാണുള്ളത്.

കെ.എം മാണി ഇപ്പോള്‍ എവിടെയന്ന് വി.എസ് അച്യുതാനന്ദന്‍. ഫാസിസത്തിനും അഴിമതിക്കും എതിരായ ജനവിധിയാണ് ചെങ്ങന്നൂരിലേതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തോല്‍വിയെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരില്‍ മത്സരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular