ഡിസ്‌ലൈക്ക് പ്രതിഷേധം ഫലംകണ്ടു…! പാട്ട് കണ്ടത് പതിമൂന്ന് ലക്ഷം പേര്‍, നന്ദി അറിയിച്ച് പൃഥ്വിരാജ്

കസബ വിവാദത്തെ തുടര്‍ന്ന് ഉടലെടുത്ത പാര്‍വതി-പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെയുളള ആരാധകരുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ പൃഥ്വിയും പാര്‍വതിയും അഭിനയിക്കുന്ന പതുങ്ങി പതുങ്ങി എന്ന ഗാനരംഗത്തിന് ഡിസ് ലൈക്ക് ചെയ്താണ് ആരാധകര്‍ പ്രതിഷേധമറിയിച്ചിരുന്നത്.

എന്നാല്‍ ഈ ഡിസ്ലൈക്കുകള്‍ പക്ഷെ ചിത്രത്തിന് ഗുണം ചെയ്തിരിക്കുകയാണ്. ഡിസ്ലൈക്കുകള്‍ നല്‍കാനായിട്ടാണെങ്കിലും പാട്ട് യൂട്യൂബില്‍ കണ്ടത് പതിമൂന്ന് ലക്ഷത്തിലധികം പേരാണ്. ഇതിന് നന്ദി അറിയിച്ചുകൊണ്ട് നടന്‍ പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ പോസ്റ്റും പങ്കുവെച്ചിരുന്നു. ഒരു ലക്ഷത്തോളം പേരാണ് ഈ പാട്ടിന് ഇഷ്ടമായില്ല എന്ന അര്‍ത്ഥത്തില്‍ യൂട്യൂബില്‍ നല്‍കിയ ഡിസ് ലൈക്ക് ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ ഇതിന് മുന്‍പ് ഒരു ഗാനവും ഇത്രയധികം ഡിസ് ലൈക്കുകള്‍ വാങ്ങികൂട്ടിയിട്ടില്ല. നടി പാര്‍വതി മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ആരാധകരുടെ പ്രതിഷേധത്തിന് പ്രധാന കാരണം. ഗാനത്തിലെ അഭിനേതാക്കളുടെ ഡാന്‍സും ലുക്കുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ്. ഗാനരംഗത്തെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് നവാഗതയായ റോഷ്നി ദിവാകര്‍ സംവിധാനം ചെയ്ത മൈ സ്റ്റോറി. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം എഴുതിയത് ഹരിനാരായണനാണ്. ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular