ഹൃദയാഘാതം അത് നമ്മെ തേടി എപ്പോള്‍ വേണമെങ്കിലും എത്താം. 85 ശതമാനം മരണങ്ങള്‍ക്കും കാരണം ഹൃദയാഘാതമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്..
ലോകമെമ്പാടുമുള്ള ഹൃദയാഘാതങ്ങളില്‍ 32ശതമാനവും വാരാദ്യങ്ങളിലാണ് സംഭവിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ പ്രവൃത്തി വാരം ആരംഭിക്കുന്ന തിങ്കളാഴചകളില്‍ നാമേറെ കരുതിയിരിക്കേണ്ടിയിരിക്കുന്നു.
രക്തധമനി പൂര്‍ണമായും തടസപ്പെടുമ്‌പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പലപ്പോഴും സംഭവിക്കുന്നത് തിങ്കളാഴ്ചകളിലാണെന്നും ഇവര്‍ പറയുന്നു.
എന്ത് കൊണ്ട് തിങ്കള്‍?
പ്രവൃത്തി വാരം ആരംഭിക്കുന്ന തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടാകാന്‍ നിരവധി കാരണങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാട്ടുന്നു.
സിര്‍കാഡിയന്‍ താളം
സിര്‍കാഡിയന്‍ റിഥം അഥവ് ഉറക്കം, ഉണര്‍വ് തുടങ്ങിയവയാണ് തിങ്കളാഴ്ചകളിലെ ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഈ താളം ഹോര്‍മോണുകളെ സ്വാധീനിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത് ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
സമ്മര്‍ദ്ദം
തിങ്കളാഴ്ചകളിലേക്ക് തൊഴിലിലേക്ക് മടങ്ങുന്നതിന്റെ സമ്മര്‍ദ്ദവും നിങ്ങളുടെ ഹൃദയാഘാതത്തിന് കാരണമാകുന്നു. ഇത് നാം പലപ്പോഴും തിരിച്ചറിയുന്നില്ല.
മദ്യം
പലരും വാരാന്ത്യങ്ങളില്‍ മദ്യപിക്കുന്നവരാണ്. ഇത് നിങ്ങളുടെ രക്തചംക്രമണ സംവിധാനത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിലേക്കും കൊണ്ടെത്തിക്കുന്നു.
യാത്ര
തിങ്കളാഴ്ച രാവിലെകളിലെ തിരക്ക് പിടിച്ച യാത്രയും ഹൃദയാഘാതത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുന്നു. വായുമലിനീകരണം ഈ ദിവസം ഉയരുന്നതും കായികാദ്ധ്വാനം ഇല്ലാത്തതും സമ്മര്‍ദ്ദവും നിങ്ങളുടെ ഹൃദയം പണിമുടക്കുന്നതിലേക്ക് നയിക്കാം.
എങ്കിലും തിങ്കളാഴ്ച മാത്രമല്ല ഹൃദയാഘാതം ഉണ്ടാകുക. ഡിസംബര്‍ അവസാന ആഴ്ചയും ധാരാളംപേര്‍ ഹൃദയാഘാതം മൂലം മരിക്കാറുണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. വര്‍ഷത്തില്‍ മറ്റ് സമയങ്ങളിലേതിനെക്കാള്‍ കൂടുതലാണ് ഇതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ദിനചര്യയിലുണ്ടാകുന്ന മാറ്റം, ഉറക്കം, കായികാഭ്യാസം, ഭക്ഷണക്രമംതുടങ്ങിയവയും ഈ സമയത്തെ ഹൃദയാഘാത സാധ്യതകള്‍ക്ക് കാരണമാകുന്നു.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍
നെഞ്ച് വേദന, അല്ലെങ്കില്‍ നെഞ്ചില്‍ അമിത സമ്മര്‍ദ്ദം
ഛര്‍ദ്ദിലും മനംപിരട്ടലും
കൈകള്‍ക്കും തോളിലുമുണ്ടാകുന്ന അസ്വസ്ഥത
നടുവേദന, കഴുത്ത് താടി തുടങ്ങിയിടങ്ങളിലുണ്ടാകുന്ന വേദന
ക്ഷീണം
ശ്വാസം മുട്ടല്‍
സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍ പുരുഷന്‍മാരില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. മനംപിരട്ടല്‍, ഛര്‍ദ്ദി, ശ്വാസം മുട്ടല്‍, നടു-താടി വേദന എന്നിവ സ്ത്രീകളില്‍ കടുത്ത തോതില്‍ കാണാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടുക.
ഹൃദയാഘാത സാധ്യതകളിലേക്ക് നയിക്കുന്ന ഘടകങ്ങളെ എങ്ങനെ നേരിടാം?
നിത്യവും കായികപ്രവൃത്തികളില്‍ ഏര്‍പ്പെടുക
ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം പിന്തുടരുക
പുകവലി ഉപേക്ഷിക്കുക
ആരോഗ്യകരമായ ഭാരം സൂക്ഷിക്കുക
മദ്യപാനം കുറയ്ക്കുക
രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിരന്തരം പരിശോധിക്കുക
മരുന്നുകള്‍ കൃത്യമായി കഴിക്കുക.