വാഷിങ്ടണ്‍: റഷ്യയെ സമ്മർദത്തിലാക്കാനാണ് അമേരിക്ക ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതെന്ന് വൈറ്റ് ഹൗസ്. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് റഷ്യയ്ക്ക് മേൽ സമ്മർദം ചെലുത്താനാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. ഇന്ത്യയുടെ മേൽ 50 ശതമാനം തീരുവയാണ് അമേരിക്ക ഏർപ്പെടുത്തിയത്.
“ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്‍റ് വലിയ തോതിൽ സമ്മർദം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കുമെതിരെ തീരുവഏർപ്പെടുത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഈ യുദ്ധം അവസാനിക്കണമെന്ന് അദ്ദേഹത്തിന് (ട്രംപിന്) വളരെ വ്യക്തമായ നിലപാടുണ്ട്”- ലെവിറ്റ് പറഞ്ഞു.
നേരത്തെ ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ത്രിരാഷ്ട്ര കൂടിക്കാഴ്ചയ്ക്ക് താൽപ്പര്യമുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. വിജയകരമായ ദിവസം എന്നാണ് സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപിന്‍റെ പ്രതികരണം. യുഎസ് പ്രസിഡന്‍റുമായി ഇതുവരെ നടത്തിയതിൽ ഏറ്റവും മികച്ച ആശയ വിനിമയം എന്നാണ് സെലൻസ്കിയുടെ പ്രതികരണം.
സമാധാനം സ്ഥാപിക്കുന്നതിനുള്ള ട്രംപിന്‍റെ പ്രതിബദ്ധത കാരണമാണ് പുടിനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ യൂറോപ്യൻ നേതാക്കളെ വൈറ്റ് ഹൗസിൽ എത്തിച്ചതെന്ന് പ്രസ് സെക്രട്ടറി പറഞ്ഞു. ട്രംപ് നേരത്തെ പ്രസിഡന്‍റായിരുന്നെങ്കിൽ ഈ യുദ്ധം ഒരിക്കലും സംഭവിക്കുമായിരുന്നില്ല എന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അവകാശപ്പെട്ടു. പുടിനും ഇതിനോട് യോജിക്കുന്നുണ്ടെന്ന് കരോലിൻ ലെവിറ്റ് പറഞ്ഞു.