ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ അവസാന നിമിഷത്തിൽ തകർന്നതിന് പിന്നിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ഫോൺ കോളാണെന്ന ഗുരുതര ആരോപണവുമായി ഇറാൻ . അമേരിക്കൻ ഉപരാഷ്ട്രപതി ജെ ഡി വാൻസ് ഇസ്ലാമാബാദിൽ പങ്കെടുത്ത ചർച്ചകളുടെ മധ്യേ ഉണ്ടായ ഈ ഇടപെടലാണ് സമവായ സാധ്യതകളെ തകർത്തതെന്ന് ടെഹ്റാൻ്റെ നിലപാട്.
ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് യുഎസിനും ഇസ്രയേലിനുമെതിരെ ആരോപണം ഉന്നയിച്ചത്. 21 മണിക്കൂറുകളോളം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം യാതൊരു ധാരണയുമില്ലാതെ വാൻസ് പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.
“ചർച്ചകളുടെ നിർണ്ണായക ഘട്ടത്തിൽ നെതന്യാഹു വാൻസിനെ വിളിച്ചതോടെ അമേരിക്ക-ഇറാൻ ചർച്ചകളിൽ നിന്ന് ശ്രദ്ധ ഇസ്രായേലിൻ്റെ താൽപര്യങ്ങളിലേക്കു മാറി. പിന്നാലെ ചർച്ച മേശയിൽ അമേരിക്ക മേൽക്കൈ നേടാൻ ശ്രമിച്ചു,” എന്നാണ് അരാഗ്‌ചിയുടെ ആരോപണം. ഇറാൻ ചർച്ചകളിൽ സത്യസന്ധമായി പങ്കെടുത്തു, എന്നാൽ അമേരിക്കയുടെ സമീപനം അന്യായമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാൻസ് യാത്രയ്ക്കുമുമ്പ് നടത്തിയ വാർത്താസമ്മേളനം “അനാവശ്യവും സാഹചര്യത്തെ ബാധിച്ചതുമാണ്” എന്നും ഇറാൻ വിമർശിച്ചു. അതേസമയം, നെതന്യാഹുവിൻ്റെ ഫോൺ വിളിയെക്കുറിച്ച് വാഷിംഗ്ടൺ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം പാക്കിസ്ഥാൻ്റെ മധ്യസ്ഥതയിൽ നടന്ന ഈ ചർച്ചകൾ തകരുന്നത് രണ്ട് ആഴ്ച നീണ്ട യുദ്ധവിരാമം ഇപ്പോൾ ഗുരുതരാവസ്ഥയിലാകുന്ന സാഹചര്യത്തിലാണ്. ശേഷിക്കുന്ന ദിവസങ്ങളിൽ യാതൊരു പുതിയ ധാരണയും ഉണ്ടാകാത്ത പക്ഷം സംഘർഷം വീണ്ടും ശക്തമാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.
ടെഹ്റാൻ്റെ വിലയിരുത്തലനുസരിച്ച്, ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കയ്ക്കും അതിൻ്റെ കൂട്ടാളികൾക്കും സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം, ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂർണമായും അവസാനിപ്പിക്കുകയും നിലവിലുള്ള യുറേനിയം ശേഖരം കൈമാറുകയും ചെയ്യണം, അതാണ് അമേരിക്കയുടെ ആവശ്യം. ഇത് അവസാനവും മികച്ചതുമായ ഓഫർ ആയി വാൻസ് അവതരിപ്പിച്ചെങ്കിലും ഇറാൻ അതിനെ തള്ളിക്കളഞ്ഞു.
ചർച്ചകൾ പരാജയപ്പെട്ടതോടെ ആഗോള വിപണിയിൽ വീണ്ടും അനിശ്ചിതത്വം ഉയർന്നു. യുദ്ധവിരാമത്തിന് മുൻപ് ബാരലിന് 119 ന് മുകളിലെത്തിയ ബ്രെൻ്റ് ക്രൂഡ് വില പിന്നീട് 95 ലേക്ക് കുറഞ്ഞെങ്കിലും, ഇപ്പോൾ വീണ്ടും ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധവിരാമം നീണ്ടുപോകാതെ അവസാനിക്കുകയാണെങ്കിൽ വീണ്ടും 100 എണ്ണത്തിന് മുകളിലെത്താമെന്നും വിലയിരുത്തൽ.
അതുപോലെ മാർച്ചിന് ശേഷം ഹോർമസ് കടലിടുക്കിലൂടെ വ്യാപാര കപ്പൽ ഗതാഗതം ഏറെക്കുറെ നിലച്ചിരിക്കുകയാണ്. ഇറാൻ മൈനുകൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവ വിന്യസിച്ച് കടന്നുപോകൽ നിയന്ത്രിച്ചതോടൊപ്പം, ഓരോ കപ്പലിനും ഒരു മില്യൺ അധിക ഫീസ് ഈടാക്കാൻ ശ്രമിച്ചതും അന്താരാഷ്ട്ര നിയമലംഘനമായി കണക്കാക്കുന്നു.
അതേസമയം ചർച്ചകളുടെ തകർച്ച അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലും പൊട്ടലുകൾ സൃഷ്ടിച്ചിരിക്കുകയാണ്. സ്‌പെയിനും ഇറ്റലിയും ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ ഭൂമിയും വായുമേഖലയും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് എതിരെ മറ്റ് നാറ്റോ രാജ്യങ്ങളും പിന്നോട്ട് പോകുന്ന സാഹചര്യമാണ്.
ഗൾഫ് മേഖലയിലെ അമേരിക്കയുടെ പ്രധാന കൂട്ടാളികളും തുറന്ന പിന്തുണ നൽകാത്തത് വാഷിങ്ടണിനെ കൂടുതൽ ഒറ്റപ്പെടുത്തുകയാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതോടെ അടുത്ത ദിവസങ്ങൾ അമേരിക്ക- ഇറാൻ ബന്ധത്തിനും ആഗോള സുരക്ഷാ സാഹചര്യത്തിനും നിർണ്ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

















































