ഇന്‍ഡോര്‍: ഔദ്യോഗിക യാത്ര്യ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങളും വഴിയിലായി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ കാറുകളിലാണ് തകരാറ് കണ്ടെത്തിയത്. വെള്ളമൊഴിച്ച് ഓടിച്ച 19 വാഹനങ്ങളാണ് വഴിയിലായത്. വിഐപി റൂട്ടില്‍ ഓടുകയായിരുന്ന വാഹനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നിന്നുപോകുകയായിരുന്നു. രത്ലാമിലേക്കുള്ള യാത്രാമധ്യേ വാഹനവ്യൂഹത്തിലെ എസ്യുവികള് ഒന്നിനുപുറകെ ഒന്നായി നിന്നുപോകുകയായിരുന്നുവെന്ന് പിടിഐയെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിന്നുപോയ വാഹനങ്ങളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റോഡില്‍നിന്ന് തള്ളി മാറ്റുകയായിരുന്നു.
പ്രാദേശിക പമ്പില്‍നിന്നാണ് വാഹനങ്ങളില്‍ ‘ഡീസല’ടിച്ചതെന്നാണ് വിവരം. വാഹനങ്ങളില്‍ 350 ലിറ്ററിലധികം ഡീസല്‍ നിറച്ചു. പമ്പില്‍ അന്വേഷിച്ചപ്പോള്‍ മാലിന്യം കലര്‍ന്നതാകാമെന്നാണ് അവര്‍ അറിയിച്ചത്. അതേസമയം ഇവര്‍ നല്‍കുന്നത് വെള്ളം കലര്‍ത്തിയ ഡീസലാണെന്ന് അവിടെനിന്ന് നിറച്ച കുപ്പി കാട്ടി പ്രദേശവാസി പറഞ്ഞതായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് ശുഭം വര്‍മ്മ പറഞ്ഞു. കുപ്പിയില്‍ ഡീസലിനെക്കാളധികം വെള്ളമായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച് സ്റ്റേഷന് വിതരണം ചെയ്ത ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
‘ഞങ്ങള്‍ ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ വെള്ളത്തിന്റെ കൃത്യമായ അളവ് ഞങ്ങള്‍ക്ക് വ്യക്തമാക്കാന്‍ കഴിയില്ല, ഞങ്ങള്‍ സ്റ്റോക്ക് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, വിശദമായ റിപ്പോര്‍ട്ട് രത്ലം കളക്ടര്‍ക്ക് സമര്‍പ്പിക്കും,’ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥന് ആനന്ദ് ഗോള്‍ പറഞ്ഞു. പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണകൂടത്തിലെയും ഭക്ഷ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഇന്ധന സ്റ്റോക്കും പമ്പ് രേഖകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള്‍ പമ്പിന്റെ സെയില്‍സ് ഓഫീസര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
വേറെ വാഹന സൗകര്യം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെട്ടില്ല. അതേസമയം വകുപ്പിലെ ഗുണനിലവാര നിയന്ത്രണത്തിലെ ഗുരുതരമായ വീഴ്ചകള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണിപ്പോഴെന്നാണ് റിപ്പോര്‍ട്ടുകള്‍.