കൊല്ലം: ബി.ജെ.പി.ക്ക് വോട്ടു ചെയ്യുന്നത് വോട്ട് പാഴാക്കുന്നതിനു തുല്യമാണെന്നും മാറ്റമാണ് വേണ്ടതെങ്കിൽ യു.ഡി.എഫിനു വോട്ട് ചെയ്യണമെന്നും കോൺഗ്രസ് എം.പി ശശി തരൂർ. കേരളത്തിൽ യഥാർഥ മത്സരം നടക്കുന്നത് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്.
ഞാനിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പിലാണ്. അതേസമയം, എന്‍റെ സഹപ്രവർത്തകർ അസമിലും ബംഗാളിലും തമിഴ്നാട്ടിലുമൊക്കെയായി പ്രചാരണത്തിലാണ്. കേരളത്തിലെ ജനങ്ങൾ മാറ്റം അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും പ്രചാരണ പരിപാടികൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കവേ, ശശി തരൂർ പറഞ്ഞു.കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. അപ്രസക്തമാണ്. ഇവിടെ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. അതുകൊണ്ടു തന്നെ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് തികച്ചും പാഴായ ഒരു കാര്യമാണ്.
മാറ്റമാണ് ആഗ്രഹിക്കുന്നതെങ്കിൽ ബി.ജെ.പിക്കല്ല, യു.ഡി.എഫിനാണ് വോട്ടു ചെയ്യേണ്ടതെന്നും ശശി തരൂർ പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർഥിത്വ ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്ന് തരൂർ പറഞ്ഞു.















































