കാക്കനാട്: കഴിഞ്ഞ 123 ദിവസങ്ങൾ… പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം വലതുകൈ നഷ്ടപ്പെട്ട പാലക്കാട്ടെ ഒൻപതുവയസ്സുകാരി വിനോദിനിയുടെ മാതാപിതാക്കൾ താണ്ടിയത് തീരാ വേദനയുടെ ഒരു നൂറ്റാണ്ടെന്ന പോലെയാണ്. ‘എന്റെ കൈ എവിടെ അമ്മേ’ എന്ന മകളുടെ കണ്ണീരോടെയുള്ള ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി അവർ നിന്നു. എന്നാലിന്ന് വിനോദിനിയുടെയും മാതാപിതാക്കളുടെയും കണ്ണുകളിൽ നിന്നും പൊഴിയുന്നത് ആനന്ദാശ്രുക്കളാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച വിനോദിനിയ്ക്ക് ജീവിതത്തിൽ മറക്കാനാവാത്ത ദിനമായിരുന്നു. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാൽ നഷ്ടമായ തന്റെ വലതു കൈയ്ക്ക് പകരം ചലിപ്പിക്കാനാകുന്ന കൃത്രിമക്കൈ വന്നെത്തിയ ദിനം… ആദ്യം തന്റെ ശരീരത്തിൽവന്ന മാറ്റത്തെ വിനോദിനി പേടിയോടെയാണ് നോക്കി കണ്ടത്, പിന്നീട് ആ പേടി അത്ഭുതത്തിന് വഴി മാറി. മനസ്സിനൊത്ത് കൈവിരലുകൾ ചലിപ്പിക്കാമെന്നായപ്പോൾ മനവും കണ്ണുകളും ഒരുപോലെ നിറഞ്ഞു …
കാക്കനാട് ഓലിമുകൾ ജങ്ഷന് സമീപത്തെ കൊല്ലംകുടിനഗറിലെ ‘ഹോപ്പ്’ എന്ന സ്ഥാപനത്തിൽവെച്ചാണ് ചികിത്സാപ്പിഴവുമൂലം വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് കൃത്രിമക്കൈ പിടിപ്പിച്ചത്.
തുടക്കത്തിൽ ചില പ്രയാസങ്ങളുണ്ടാവുമെങ്കിലും വ്യായാമവും പരിശീലനവും കൊണ്ട് കുറച്ചു ദിവസങ്ങൾക്കകം വിനോദിനിയ്ക്ക് തന്റെ വലതു കൈവിരലുകൾക്കൊണ്ട് എഴുതാനും വരയ്ക്കാനും കഴിയുമെന്ന് അധികൃതർ പറഞ്ഞു.
നൂതന സാങ്കേതികവിദ്യയോടുകൂടിയ കൃത്രിമക്കൈകൊണ്ട് വിനോദിനി തന്നെ കാണാനെത്തിയ പ്രതിപക്ഷ നേതാവിന് പൂക്കൂട നൽകി. കുട്ടിയുടെ കൃത്രിമക്കൈതൊട്ട വി.ഡി. സതീശൻ താൻകൊണ്ടുവന്ന ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചു. പിതാവ് വിനോദും അമ്മ വി. പ്രസീതയും പ്രതിപക്ഷനേതാവിന് നന്ദിപറഞ്ഞു.
വലതുകൈ നഷ്ടപ്പെട്ടതിനുശേഷം പിന്നീട് വിനോദിനി സ്‌കൂളിലേക്ക് പോയിട്ടില്ല. ഇനി അവൾക്ക് സ്‌കൂളിലേക്ക് പോകാം. ചികിത്സയ്ക്കിടെ വലതുകൈ നഷ്ടപ്പെട്ട കുട്ടിക്ക് കൃത്രിമക്കൈ വെച്ചുനൽകാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഈ കുടുംബത്തെ അറിയിച്ചിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചു. അതിന് ചെലവായ ആറുലക്ഷത്തോളം രൂപ നേരത്തേതന്നെ ‘ഹോപ്പി’ന് പ്രതിപക്ഷ നേതാവ് കൈമാറിയിരുന്നു.
കൃത്രിമക്കൈ വയ്ക്കുന്നതിനായി വെള്ളിയാഴ്ചയാണ് പെൺകുട്ടിയും കുടുംബവും കാക്കനാട് എത്തിയത്. ഇവർക്ക് സഹായവുമായി മുൻമന്ത്രി വി.സി. കബീറും എത്തിയിരുന്നു. കൃത്രിമക്കൈ വെച്ചുപിടിപ്പിക്കുന്നനായി രണ്ടുദിവസത്തെ വിശദ പരിശോധന നടത്തി. അതിനുശേഷമാണ് ജർമൻ സാങ്കേതിക വിദ്യയിൽ രൂപകല്പനചെയ്ത കൃത്രിമക്കൈ ഹോപ്പ് മാനേജിങ് ഡയറക്ടർ കവിത പഞ്ചലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പിടിപ്പിച്ചത്. ഉമാതോമസ് എംഎൽഎ, തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. അനിൽകുമാർ, കൗൺസിലർ തോമസ് തുതിയൂർ, കോൺഗ്രസ് നേതാക്കളായ സി.സി. വിജു, നൗഷാദ് പല്ലച്ചി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കളിക്കിടെ വീണുപരിക്കേറ്റ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടവെ, കൈയിൽ അണുബാധയുണ്ടായി. അതേതുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാറ്റി. അവിടെവെച്ച് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നു. ചികിത്സാ പിഴവെന്ന് ആരോപിച്ച് ഒക്ടോബർ രണ്ടിന് കുടുംബം പരാതി നൽകി. തുടർന്ന്, കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. കുട്ടിക്ക് രണ്ടുലക്ഷം രൂപ സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൃത്രിമക്കൈ വെയ്ക്കാൻ എല്ലാവിധ ചെലവുകളും വഹിക്കാമെന്ന് അറിയിച്ചത്.
നിലവിൽ, വാടകവീട്ടിൽ കഴിയുന്ന വിനോദിനിയ്ക്കും കുടുബത്തിനും വീടുവയ്ക്കുന്നതിനായി ഭൂമി വാങ്ങിനൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിട്ടുണ്ട്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്ന് കുട്ടിയുടെ അമ്മ പ്രസീത പ്രതിപക്ഷ നേതാവിനോട് അറിയിച്ചതിനെ തുടർന്നാണിത്. വീട് നിർമിച്ചുനൽകാമെന്നേറ്റ് വിവിധ സംഘടനകൾ മുന്നോട്ടുവന്നിരുന്നു. എന്നാൽ വീട് വയ്ക്കാനാവശ്യമായ സ്ഥലംതങ്ങൾക്കില്ലെന്ന് കുട്ടിയുടെ അമ്മ അറിയിച്ചതോടെയാണ് ഭൂമി വാങ്ങി നൽകാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയത്. പ്രായവ്യത്യാസത്തിനനുസരിച്ച് വിനോദിനിയുടെ കൃത്രിമക്കൈക്ക് ഭാവിയിൽ രൂപമാറ്റം വേണ്ടിവരുമ്പോൾ അതിനുള്ള ചെലവുകൾ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















































