മധുര: തമിഴ്നാട്ടിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുമ്പോൾ 234 സീറ്റിലും താൻ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് വെട്രി കഴകം (ടിവികെ) നടനും പാർട്ടി അധ്യക്ഷനുമായ വിജയ്. മധുരയിൽ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് നടന്റെ പ്രഖ്യാപനം. എല്ലാ മണ്ഡലത്തിലെയും സ്ഥാനാർഥി താനാണെന്ന് കരുതി ടിവികെയ്ക്ക് വോട്ട് നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. അത്യന്തം നാടകീയവും സിനിമാസ്റ്റൈലിലുമായിരുന്നു വിജയ്‌യുടെ പ്രസംഗം.
തുടക്കം തന്നെ അണികളെ സിംഹക്കുട്ടികൾ എന്നു വിശേഷിപ്പിച്ച് ആരംഭിച്ച പ്രഖ്യാപനത്തിൽ വിജയ് താനൊരു അപ്രതീക്ഷിത പ്രഖ്യാപനം നടത്താൻ പോകുകയാണെന്ന് പറഞ്ഞു. തുടർന്ന് മധുര ഈസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥി താനാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒരു നിമിഷം നിർത്തിയ ശേഷം മറ്റ് 9 മണ്ഡലങ്ങളുടെ പേരു പറഞ്ഞ് അവിടെയും താൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എല്ലാവരും അമ്പരന്നു. തുടർന്ന് ടിവികെ ഏതു സീറ്റിൽ മത്സരിച്ചാലും സ്ഥാനാർഥി താനാണെന്ന് കരുതി വോട്ടു ചെയ്യണമെന്നും വിജയ് പറഞ്ഞു. ‘234 സീറ്റിലും നിങ്ങളുടെ വീട്ടിൽ നിന്നുള്ളവർ മാത്രമേ സ്ഥാനാർഥിയാകൂ. മുഴുവൻ തമിഴ്നാട്ടിലെയും സ്ഥാനാർഥി ഞാനാണെന്ന് കരുതി ജനങ്ങൾ വോട്ടു ചെയ്യണം. നിങ്ങളുടെ വിജയ് ആണ് പാർട്ടിയുടെ ചിഹ്നം. തമിഴരെല്ലാം എന്റെ രക്തബന്ധുക്കളാണ്.’–വിജയ് പറഞ്ഞു.
അതേസമയം ഡിഎംകെയെയും ബിജെപിയെയും വിജയ് പ്രസംഗത്തിൽ കടന്നാക്രമിച്ചു. ‘ഞാനൊരു സിംഹമാണ്. എന്റെ പ്രദേശം ഞാൻ തീരുമാനിക്കുകയാണ്. ടിവികെ എന്ന തടയാനാകാത്ത ശക്തി ഇവിടം പിടിച്ചടക്കാനാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. സിംഹം എന്നെന്നും സിംഹമാണ്. കാട്ടിൽ ധാരാളം കുറുക്കന്മാരും മറ്റു മൃഗങ്ങളുമുണ്ടാകുമെങ്കിലും സിംഹം ഒന്നേ കാണൂ. ഒറ്റയ്ക്കാണെങ്കിലും അതാണ് കാട്ടിലെ രാജാവ്. സിംഹം വന്നിരിക്കുന്നത് വേട്ടയാടാനാണ്.’’–വിജയ് പറഞ്ഞു.
കൂടാതെ അടുത്ത തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ടിവികെയുടെ ആശയപരമായ ശത്രു ബിജെപിയും രാഷ്ട്രീയ ശത്രു ഡിഎംകെയുമാണ്. സ്ത്രീകളുടെയും മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് നാം പ്രാധാന്യം നൽകുന്നത്. കർഷകർ, യുവാക്കൾ, ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ തുടങ്ങി പ്രത്യേക ശ്രദ്ധയർഹിക്കുന്നവരോട് സൗഹാർദം പുലർത്തുന്ന സർക്കാരാകും ടിവികെയുടേത്. അതുപോലെ ശ്രീലങ്കയിൽ അറസ്റ്റിലാകുന്ന മത്സ്യത്തൊഴിലാളികളെയും തമിഴ്നാട് ജനതയെയും മോദി സർക്കാർ അവഗണിക്കുകയാണെന്നും വിജയ് പറഞ്ഞു.