കോട്ടയം: സാക്ഷികളില്ലാത്ത കൊലക്കേസിൽ തെളിവായത് ഒരു ബട്ടൻസ്. പയ്യപ്പാടി മലകുന്നം വർഗീസ് ഫിലിപ്പിനെ (സന്തോഷ് 34) കൊന്നു കഷണങ്ങളാക്കിയെന്ന കേസിലാണു ബട്ടൻസ് തെളിവായത്. പ്രതികളായ, മീനടം പീടികപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ എ.ആർ.വിനോദ് കുമാർ (കമ്മൽ വിനോദ് 46), ഭാര്യ എൻ.എസ്.കുഞ്ഞുമോൾ (44) എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം ജില്ലാ അഡിഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.
കേസിൽ ഇന്നു വിധി പറയും.സുഹൃത്തായിരുന്ന വർഗീസിനെ കുഞ്ഞുമോൾ വീട്ടിലേക്കു വിളിച്ചുവരുത്തിയെന്നും പിന്നിലൂടെയെത്തി വിനോദ് കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയെന്നുമാണു കേസ്. ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു.
ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തിയപ്പോൾ പൊലീസിനു ലഭിച്ച ഷർട്ടിലെ ബട്ടൻസും കൊലപാതകം നടന്ന സ്ഥലത്തു നിന്നു ലഭിച്ച ഷർട്ടിലെ ബട്ടൻസും ഒരുപോലെയെന്നു കണ്ടെത്തിയതാണു കേസിൽ നിർണായകമായത്.
പ്രതികളുടെയും കൊല്ലപ്പെട്ട വർഗീസിന്റെയും ടവർ ലൊക്കേഷൻ ഒരിടത്തായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം ഹാജരായി. ഇന്നു വിധി പറയുന്നതിനു മുന്നോടിയായി കോടതിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.