തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ലീഗ് ഉചിതമായ നിലപാട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നേതാവും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു അത്. ആരും പരാമർശത്തെ പിന്തുണയ്ക്കുന്നില്ല. സമാനസംഭവങ്ങളിൽ സിപിഎം എന്തു ചെയ്തെന്നും വി.ഡി. സതീശൻ ചോദിച്ചു.
“യു. പ്രതിഭയ്ക്കെതിരേ ഉണ്ടായത് അധിക്ഷേപകരമായ പരാമർശമാണ്. ഒരു രാഷ്ട്രീയ നേതാവ്, ഒരു വനിതാ നേതാവിനെക്കുറിച്ചോ പ്രവർത്തകയെക്കുറിച്ചോ വനിതയെക്കുറിച്ചോ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. അതറിഞ്ഞ് മണിക്കൂറുകൾക്കകം അയാളെ മുസ്ലിം ലീഗ് പുറത്താക്കി. ലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. അയാൾ ചെയ്തത് തെറ്റാണ്. ആരും അതിനെ പിന്തുണച്ചില്ല. ഭാഷയുടെ കുഴപ്പമാണ്, അടർത്തിമാറ്റിയതാണ് എന്ന് ഒരാൾ പോലും പറഞ്ഞില്ല. എല്ലാവരും ശക്തിയായി അതിനെ അപലപിച്ചു. യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും പാർട്ടിയിൽനിന്നും അയാളെ പുറത്താക്കി.
എന്നാൽ, രമ്യാ ഹരിദാസിനെതിരായി അശ്ലീലപരാമർശം നടത്തിയ എ. വിജയരാഘവനെതിരേ സിപിഎം എന്ത് നടപടിയെടുത്തു. കെ.കെ. രമയ്ക്കെതിരെ, വീണാ എസ്. നായർക്കെതിരേ, ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരേ എത്ര അധിക്ഷേപകരമായ പരാമർശമാണ് സിപിഎം നടത്തിയത്. ഒരു നടപടിയും ഉണ്ടായില്ല. സെക്രട്ടേറിയറ്റിലെ സിപിഎം നേതാവിനെതിരേ പരാതി കൊടുത്തിട്ട്, നടപടിയെടുക്കാൻ നിർവ്വാഹമില്ലെന്നുകാട്ടി നൽകിയ മറുപടി എന്റെ ഓഫീസിൽ ഉണ്ട്. കൂടുതൽ പറയിപ്പിക്കരുതെന്നും സതീശൻ പറഞ്ഞു. ആർഷോ എന്ന എസ്എഫ്ഐ നേതാവ് പരീക്ഷ എഴുതാതെ ജയിച്ചെന്ന് റിസൾട്ട് വന്നപ്പോൾ അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരേ നടത്തിയ പരാമർശങ്ങൾ എന്താണ്, വനിതാ മാധ്യമപ്രവർത്തകരെ അധിക്ഷേപകരമായ, അശ്ലീലകരമായ പരാമർശങ്ങൾ നടത്തിയപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു. എന്നാൽ ഞങ്ങൾ അങ്ങനെയല്ല, മണിക്കൂറുകൾക്കകം ഞങ്ങൾ നടപടിയെടുത്തു, സതീശൻ ചൂണ്ടിക്കാട്ടി.


















































