ടെഹ്റാൻ: ഇറാനിലെ മിനാബ് നഗരത്തിലുള്ള ഒരു പ്രാഥമിക സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 50 കുരുന്നു പെൺകുട്ടികളടക്കം175-ത്തിലധികം കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ സൈന്യത്തിന്റെ ലക്ഷ്യ നിർണ്ണയത്തിലെ പിഴവാണ് കാരണമെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ മിനാബിലെ ഷജറാ തയ്യിബെഹ് എലിമെന്ററി സ്കൂൾ കെട്ടിടമാണ് ബോംബാക്രമണത്തിൽ തകർന്നത്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ടോമഹോക്ക് മിസൈൽ ആക്രമണമാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് സൈനിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ യുദ്ധത്തിൽ ടോമഹോക്ക് മിസൈൽ ഉപയോഗിക്കുന്ന ഏക രാജ്യമാണ് അമേരിക്കയെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ സെൻട്രൽ കമാൻഡ് തയ്യാറാക്കിയ ലക്ഷ്യ കോർഡിനേറ്റുകൾ പഴയ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഈ വിവരങ്ങൾ അമേരിക്കൻ പ്രതിരോധ ഇന്റലിജൻസ് ഏജൻസിയാണ് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിക്കുന്ന നാഷണൽ ജിയോ സ്പേഷ്യൽ- ഇന്റലിജൻസ് ഏജൻസിയുടെ പ്രവർത്തനവും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്.
അതേസമയം വിവരങ്ങൾ വീണ്ടും പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഇത് സാങ്കേതിക പിഴവോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഡാറ്റാ പ്രോഗ്രാമുകളുടെയോ പ്രശ്നമല്ലെന്നും, മനുഷ്യ പിഴവായിരിക്കാമെന്നുമാണ് സൂചന.
ആക്രമിക്കപ്പെട്ട സ്കൂൾ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേവിയുടെ സൈനിക കേന്ദ്രത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ആദ്യം ഈ കെട്ടിടം സൈനിക താവളത്തിന്റെ ഭാഗമായിരുന്നു. എന്നാൽ 2013 മുതൽ 2016 വരെയുള്ള കാലയളവിൽ അത് സ്കൂളാക്കി മാറ്റുകയും വേലികെട്ടി വേർതിരിക്കുകയും ചെയ്തിരുന്നു.
അതേസമയം സംഭവത്തിന് ഇറാനെയാണ് ഉത്തരവാദിയാക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “ഇത് ഇറാൻ നടത്തിയതാകാമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. അവരുടെ ആയുധങ്ങൾക്ക് കൃത്യതയില്ല,” എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
ഇതിനിടെ ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് പുറത്തുവിട്ട വീഡിയോയിൽ മിസൈൽ സ്കൂൾ സമുച്ചയത്തിലെ ഒരു കെട്ടിടത്തിൽ പതിക്കുന്ന ദൃശ്യം കാണിച്ചിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ സാധാരണക്കാരുടെ മരണത്തിന് കാരണമായ ആക്രമണമെന്ന നിലയിലാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
സംഭവത്തെ തുടർന്ന് ഐക്യരാഷ്ട്ര സംഘടനയും മനുഷ്യാവകാശ സംഘടനകളും ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തി. യുദ്ധസമയത്തെ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് വാഷിങ്ടൺ ആസ്ഥാനമായ അറ്റ്ലാന്റിക് കൗൺസിലിലെ നിയമ വിദഗ്ധ എലിസ് ബേക്കർ വ്യക്തമാക്കി.
















































