വാഷിങ്ടൺ: ഇറാനുമായുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍, ഹോർമൂസ് ലക്ഷ്യമാക്കി നിര്‍ണായക സാങ്കേതിക നീക്കവുമായി അമേരിക്ക രംഗത്ത്. പേർഷ്യൻ ഗൾഫിൽ പട്രോളിംഗിനും നിരീക്ഷണത്തിനുമായി ‘ആളില്ലാ ഡ്രോൺ ബോട്ടുകൾ’ വിന്യസിച്ചതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. സജീവ യുദ്ധസാഹചര്യത്തില്‍ ഈ തരത്തിലുള്ള സംവിധാനങ്ങള്‍ ഔദ്യോഗികമായി ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്നതും ശ്രദ്ധേയമാണ്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസം.
‘ഗ്ലോബൽ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്’ (GARC) എന്നറിയപ്പെടുന്ന ഈ അത്യാധുനിക ബോട്ടുകള്‍ക്ക് നിരീക്ഷണത്തിന് പുറമെ ആക്രമണ ശേഷിയും ഉണ്ട്. സ്ഫോടകവസ്തുക്കള്‍ വഹിച്ച് ശത്രു ലക്ഷ്യങ്ങളെ തകർക്കാനുള്ള കഴിവുള്ള ഇവ, വേഗതയും കൃത്യതയും കൂട്ടിച്ചേര്‍ന്ന സമുദ്രസാങ്കേതികവിദ്യയുടെ പുതിയ അധ്യായമായി വിലയിരുത്തപ്പെടുന്നു. മേരിലാൻഡ് ആസ്ഥാനമായ ‘ബ്ലാക്ക് സീ’ കമ്പനിയാണു വെറും അഞ്ച് മീറ്റര്‍ നീളമുള്ള ഈ ഹൈസ്പീഡ് ബോട്ടുകള്‍ വികസിപ്പിച്ചത്.
അടുത്ത ദിവസങ്ങളില്‍ 2,200 നോട്ടിക്കൽ മൈലിലധികം ദൂരം കടലില്‍ പട്രോളിംഗ് നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. മേഖലയിലെ സുരക്ഷാ ഭീഷണികള്‍ തത്സമയം തിരിച്ചറിയാനും അതിവേഗം പ്രതികരിക്കാനും ഈ സംവിധാനങ്ങള്‍ സഹായിക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തല്‍.
റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഡ്രോൺ ബോട്ടുകൾ തെളിയിച്ച പ്രഹരശേഷിക്ക് പിന്നാലെയാണ് അമേരിക്കയും ഈ സാങ്കേതികവിദ്യ സജീവമായി വിന്യസിക്കുന്നത്. പേർഷ്യൻ ഗൾഫും ഹോർമുസ് കടലിടുക്കും വഴി സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണ സാധ്യതകള്‍ ചെറുക്കുകയാണ് പ്രധാന ലക്ഷ്യം. പുതിയ വിന്യാസത്തോടെ സമുദ്രയുദ്ധത്തിന്റെ സ്വഭാവം തന്നെ മാറ്റം കാണുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

















































