ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അമേരിക്ക കൂടുതൽ സൈനിക ശക്തി വിന്യസിച്ചതായി റിപ്പോർട്ട്. യുഎസ്എസ് ബോക്സറും മറ്റ് രണ്ട് ആംഫിബിയസ് ആക്രമണ കപ്പലുകളും 11-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,500 നാവികരും സാൻ ഡീഗോയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് പോകുമെന്ന് യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
യുദ്ധം ശക്തമാകുന്നതിനിടെ ഇറാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുസ്ഥലങ്ങളും ലക്ഷ്യമാക്കാമെന്നും പേരുവെളിപ്പെടുത്താത്ത സൈനീക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇറാൻ സൈനിക വക്താവ് പ്രസ്താവനയാണ് ലോക രാജ്യങ്ങളിൽ ആശങ്ക വർധിപ്പിച്ചത്. അതേസമയം യുദ്ധത്തിനിടയിലും മിസൈൽ നിർമ്മാണം തുടരുന്നതായി ഇറാൻ അറിയിച്ചു. പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹം വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാൻ്റെ നാവികസേനയും വ്യോമസേനയും തകർന്നുവെന്ന് അവകാശപ്പെട്ടെങ്കിലും ഇറാൻ ഈ വാദം തള്ളിക്കളഞ്ഞു. കൂടാതെ ഗൾഫ് രാജ്യങ്ങൾക്കുമേലുള്ള ആക്രമണം ശക്തമാക്കി. ഈ ആഴ്ചയുടെ തുടക്കത്തിൽ ഇറാന്റെ വലിയ സൗത്ത് പാർസ് ഓഫ്‌ഷോർ പ്രകൃതിവാതക പാടത്ത് ഇസ്രായേൽ ബോംബെറിഞ്ഞതിനെത്തുടർന്ന് ഗൾഫ് അറബ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമിച്ചു. ഇറാനിയൻ ഡ്രോണുകളുടെ രണ്ട് തരംഗങ്ങൾ വെള്ളിയാഴ്ച പുലർച്ചെ ഒരു കുവൈറ്റ് എണ്ണ ശുദ്ധീകരണശാല ആക്രമിച്ചു, ഇത് തീപിടുത്തത്തിന് കാരണമായി. പ്രതിദിനം ഏകദേശം 730,000 ബാരൽ എണ്ണ സംസ്കരിക്കാൻ കഴിയുന്ന മിന അൽ-അഹമ്മദി ശുദ്ധീകരണശാല മിഡിൽ ഈസ്റ്റിലെതന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയാണ്. വ്യാഴാഴ്ച നടന്ന മറ്റൊരു ഇറാനിയൻ ആക്രമണത്തിൽ ഇതിന് കേടുപാടുകൾ സംഭവിച്ചു.
ഇതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാറ്റോ രാജ്യങ്ങളെ വിമർശിച്ച് യുദ്ധത്തിൽ സഹകരിക്കാത്തതിനാൽ “നാറ്റോ ഒരു പേപ്പർ കടുവ” ആണെന്ന് പ്രതികരിച്ചു. കൂടാതെ ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 108 വരെ എത്തി. ഇതോടെ ഇന്ധനവിലയും ഭക്ഷ്യവിലയും ലോകമെമ്പാടും ഉയരാൻ സാധ്യതയുണ്ട്. അതേസമയം യുദ്ധത്തിൽ തന്നെ ഇറാനിൽ 1,300-ലധികം ആളുകളും ലെബനനിൽ ആയിരത്തിലധികം പേരും കൊല്ലപ്പെട്ടു. ഇസ്രയേലിൽ 15 പേരും യുഎസ് സൈനികരിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.











































