തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞു പ്രത്യേകം ഹബ്ബുകളായി വികസിപ്പിക്കാനുള്ള നഗരനയ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും നടത്താത്ത നീക്കമാണു പതിറ്റാണ്ടുകള്‍ മുന്നില്‍കണ്ടുളള റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തു വിഷയ മേഖലകളില്‍നിന്നും 33 ഹ്രസ്വ പഠനങ്ങള്‍ നടത്തി ഇതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
കൊച്ചിയെയും തൃശൂരിനെയും ഫൈന്‍ടെക്-എഡ്യൂ-ഹെല്‍ത്ത് ഹബ്ബാക്കാനും പാലക്കാട്-കാസര്‍ഗോഡ് നഗരങ്ങളെ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് ഹബ്ബാക്കാനും തിരുവനന്തപുരത്തെയും കൊല്ലത്തെയും വിജ്ഞാന ഇടനാഴിയാക്കാനും കണ്ണൂരിനെ ഫാഷന്‍ സിറ്റിയാക്കാനും കോഴിക്കോടിനെ ലിറ്ററേച്ചര്‍ സിറ്റിയാക്കാനും ലക്ഷ്യമിട്ടുള്ള റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചത്.
കേരളത്തില്‍ അതിവേഗത്തില്‍ നടക്കുന്ന നഗരവത്കരണത്തിന്റെ ഘട്ടത്തില്‍ ഓരോ നഗരത്തെയും അനുബന്ധ മേഖലകളെയും എങ്ങനെ കാലാനുസൃതമായി കൂട്ടിയിണക്കി വികസിപ്പിക്കാമെന്നതാണു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അര്‍ബന്‍ പോളിസി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അടുത്ത 25 വര്‍ഷം കേരളം നേരിടേണ്ടിവരുന്ന നാഗരിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതാണു റിപ്പോര്‍ട്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറയുന്നു. മന്ത്രി സഭ ചര്‍ച്ച ചെയ്തു വേണ്ട മാറ്റങ്ങളോടെ അംഗീകാരം നല്‍കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഓരോ മേഖലകളിലും സ്വാഭാവികമായി വികസിച്ചുവന്ന മാറ്റങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണു സിറ്റി-സ്‌പെസിഫിക് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നു കമ്മീഷന്‍ ചെയര്‍മാന്‍ എം. സതീഷ് കുമാര്‍ പറഞ്ഞു. ഇതനുസരിച്ചു സിഎസ്ആര്‍ ഫണ്ടുകള്‍, ക്രൗഡ് ഫണ്ടിംഗ്, കാലാവസ്ഥാനുസാരിയായ ഫണ്ടിംഗ്, മറ്റു മാര്‍ഗങ്ങള്‍ എന്നിവയിലൂടെ തുക കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കും. ഗ്രാന്‍ഡുകള്‍കൊണ്ടു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്ന രീതിക്കു പകരമായിട്ടാണ് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നത്.
നികുതി, നികുതിയേതര വരുമാനത്തിലൂടെ പണം കണ്ടെത്താനുള്ള ആശയങ്ങള്‍ മുന്നോട്ടു വയ്ക്കും. നിലവില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കു ലഭിക്കുന്ന 60 ശതമാനം തുകയും സര്‍ക്കാര്‍ ഗ്രാന്റാണ്. ഇതിനു പകരം സാമ്പത്തിക സ്വയംപര്യാപ്തത നേടണം. പ്രതിദിന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മുനിസിപ്പാലിറ്റികള്‍ ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
സര്‍ക്കാര്‍ ഇപ്പോള്‍തന്നെ മുനിസിപ്പല്‍ ബോണ്ടുകളും മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റിയും നടപ്പാക്കുന്നുണ്ട്. കാലാവസ്ഥ, ജനശ്രീ പദ്ധതികള്‍, ഗ്രീന്‍ ഫീസുകള്‍, ക്ലൈമറ്റ് റിസ്‌ക് ഇന്‍ഷുറന്‍സ് ഫ്രെയിംവര്‍ക്കുകള്‍, ലിഡാര്‍ സര്‍വേകളിലൂടെ ഡിജിറ്റല്‍ വിവരങ്ങള്‍ എന്നിവയും വേണമെന്നു നിര്‍ദേശമുണ്ട്..
നഗരകേന്ദ്രീകൃത വികസന കൗണ്‍സിലുകള്‍, എംഎസ്എംഇകളെ ശക്തിപ്പെടുത്തല്‍, യുണിവേഴ്‌സിറ്റികളെ ഇന്നൊവേഷന്‍ സെന്ററുകളാക്കല്‍, ടെക്‌നോ-ലീഗല്‍, ടെക്‌നോ-ഫിനാന്‍സിംഗ് മേഖലകള്‍, മാലിന്യജല സംസ്‌കരണത്തിന് ഇക്കോ-ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, ട്രാന്‍സ്‌പോര്‍ട്ട-ട്രാഫിക്ക് സര്‍വേകള്‍, നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനായി സംയോജിത ന്യൂട്രീഷ്യണല്‍ സ്ഥാപനങ്ങള്‍, കുടിയേറ്റക്കാര്‍ക്കുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, പൊതുവിടങ്ങളുടെ ഉപയോഗം, സ്മാര്‍ട്ട് ടൂറിസം എന്നിങ്ങനെ സകല മേഖലകളെയും സ്പര്‍ശിക്കുന്ന റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചത്.
ഇവയോരോന്നും ഏതൊക്കെ തരത്തില്‍ സാധ്യമാക്കാമെന്ന നിര്‍ദേശവും ഇക്കുട്ടത്തിലുണ്ട്. കേരളത്തിലെ 67 ശതമാനം ആളുകളും നഗരകേന്ദ്രീകൃത ജീവിതം നയിക്കുന്നതിനാല്‍ ഈ നിര്‍ദേശങ്ങള്‍ക്കു പ്രസക്തിയുണ്ടെന്നു മന്ത്രി പറഞ്ഞു. ഇത് അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ 95 ശതമാനമാകും.
#kannur #kozhikkode #thrissur #thriruvananthapuram #kasargode #palakkad