പത്തനംതിട്ട: ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയ സ്വർണം ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ ബെല്ലാരിയിലെ സ്വർണവ്യാപാരിക്കു വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. 476 ഗ്രാം സ്വർണം സ്‌പോൺസർ ആയിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി വ്യാപാരി ഗോവർധന് വിറ്റതായാണ് എസ്‌ഐടി കണ്ടെത്തൽ. കൂടാതെ വിൽപ്പന ഗോവർധൻ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ ബെല്ലാരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
അന്വേഷണസംഘം ഗോവർധനെ ചോദ്യം ചെയ്തതതിൽ നിന്ന് ചെന്നെെയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് വേർതിരിച്ചെടുത്ത സ്വർണത്തിൻറെ പങ്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായാണ് കണ്ടെത്തൽ. ഗോവർധന് വിറ്റ സ്വർണം വീണ്ടെടുക്കാനുള്ള ശ്രമം എസ്‌ഐടി സംഘം നടത്തും. ഇയാളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്ഐടി കണ്ടെത്തി. ഇക്കാര്യവും ഗോവർധൻ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം ഗോവർധൻ അന്വേഷണസംഘത്തിന് കൈമാറി. ഗോവർധനിൽ നിന്നും പലപ്പോഴായി ഉണ്ണികൃഷ്ണൻ സ്വർണം വാങ്ങിയതായാണ് മൊഴി.
കട്ടിളയിലും വാതിലിലും പൂശുന്നതിനായി സ്‌പോൺസർഷിപ്പിന്റെ പേരിലാണ് സ്വർണം വാങ്ങിയതെന്ന് ഗോവർധൻ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോട് പറഞ്ഞു. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവർധൻ. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വെച്ചാണ് ഗോവർധൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയപ്പെടുന്നത്. അന്ന് ശബരിമലയിലെ പൂജാരിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വയം പരിചയപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന്റെ വാതിൽ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദർശിപ്പിച്ച് പൂജകൾ നടത്തിയിരുന്നുവെന്നും കണ്ടെത്തൽ.
ഇതോടെ ഉണ്ണി കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിൽ എത്തിച്ച് തെളിവെടുക്കും. ഇന്ന് പുലർച്ചെ സംഘം ബെംഗളൂരുവിലേക്കു പുറപ്പെട്ടു. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വർണക്കൊള്ളയ്ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യമാണെന്ന് കണ്ടെത്തിയിരുന്നു. പാളികൾ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്ന് 2019 ജൂലൈ 19 ലെ മഹസറിൽ രേഖപ്പെടുത്തിയതെങ്കിലും പോറ്റിയുടെ പേരിന് നേരെ ഒപ്പിട്ടിരുന്നത് അനന്തസുബ്രഹ്‌മണ്യൻ ആയിരുന്നു. എന്നാൽ ഏറ്റുവാങ്ങിയിരുന്നത് കർണാടക സ്വദേശി രമേശ് റാവു എന്നയാളായിരുന്നു. ഇതിന് പുറമെ ശ്രീകോവിലിന്റെ വാതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിലെ ക്ഷേത്രത്തിൽ എത്തിയെന്നും കണ്ടെത്തിയിരുന്നു.
അതേസമയം ബെംഗളൂരുവിന് പുറമെ ചെന്നൈയിലെ വിവിധയിടങ്ങളിലും പോറ്റിയുമായി തെളിവെടുപ്പ് നടത്തും. പാളികൾ അടക്കം സ്വർണം പൂശാൻ എത്തിച്ച സ്മാർട്ട്ക്രിയേഷൻസിലെ തെളിവെടുപ്പ് നിർണായകമാവും. സ്വർണപ്പാളികൾ പ്രദർശിപ്പിച്ച നടൻ ജയറാമിന്റെ വീട്ടിലും തെളിവെടുപ്പിന് സാധ്യതയുണ്ട്. തെളിവെടുപ്പ് പൂർത്തിയായ ശേഷമായിരിക്കും മറ്റ് അറസ്റ്റുകളിലേക്ക് കടക്കുക.

















































