ലണ്ടൻ: വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗർഭപാത്രം മാറ്റിവെച്ച സ്ത്രീ അമ്മയായി. മരിച്ച ദാതാവിൽ നിന്ന് ഗർഭപാത്രം സ്വീകരിച്ച ഗ്രേസ് ബെൽ എന്ന യുവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ലണ്ടനിലെ ക്വീൻ ഷാർലെറ്റ് & ചെൽസിയ ഹോസ്പിറ്റലിലായിരുന്നു ഗ്രേസ് കുഞ്ഞിന് ജന്മം നൽകിയത്.
പതിനാറാം വയസ്സിലാണ് ഗ്രേസിന് ഗർഭപാത്രമില്ലെന്നും ഒരു കുഞ്ഞിന് ജന്മം നൽകാനാവില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയത്. ഗർഭപാത്രം വികസിക്കാത്തതോ, ഇല്ലാത്തതോ ആയ എംആർകെഎച്ച് (Mayer-Rokitansky-Kuster-Hauser) സിൻഡ്രോം എന്ന അവസ്ഥയായിരുന്നു ഐ.ടി പ്രോഗ്രാമറായ ഗ്രേസിന്റേത്.തുടർന്ന് 2024 ജൂണിനാണ് ഓക്സ്ഫഡിലെ ചർച്ചിൽ ഹോസ്പിറ്റലിൽ ഗർഭപാത്രം മാറ്റിവെക്കുന്ന ശസ്ത്രക്രിയ ചെയ്തത്. പത്തു മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടത്. മാസങ്ങൾക്കുള്ളിൽ ഗ്രേസ് ലണ്ടനിലെ ലിസ്റ്റർ ഫെർട്ടിലിറ്റി ക്ലിനിക്കിൽ പ്രത്യുത്പാദന ചികിത്സകൾക്ക് വിധേയയായി.
കുഞ്ഞിന് ജന്മം നൽകാനാവുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഗ്രേസ് പറഞ്ഞു. ശരിക്കും ഒരത്ഭുതമായാണ് തോന്നുന്നത്. ഗർഭപാത്രം നൽകിയതിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് ദാതാവ് സമ്മാനിച്ചതെന്നും ഗ്രേസും പങ്കാളി സ്റ്റീവ് പവലും പറഞ്ഞു.
അതേസമയം, ഗ്രേസിന് ആരാണ് ഗർഭപാത്രം നൽകിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. അതേ യുവതിയുടെ മറ്റ് അഞ്ച് അവയവങ്ങളും ദാനം ചെയ്തതായാണ് വിവരം. മകൾ മരിച്ചത് തങ്ങളെ തകർത്തുവെങ്കിലും അവയവദാനത്തിലൂടെ അവൾക്ക് മറ്റ് കുടുംബങ്ങൾക്ക് പ്രതീക്ഷയും കരുതലുമേകാനായെന്ന് ദാതാവിന്റെ കുടുംബം പറഞ്ഞു.
മരിച്ചുപോയ ദാതാവിൽ നിന്ന് ഗർഭപാത്രം മാറ്റിവെക്കുന്ന യു.കെ.യിലെ പത്താമത്തെ സ്ത്രീയാണ് ഗ്രേസ്. 2025 ആദ്യം ഗർഭപാത്രം സഹോദരിയിൽ നിന്ന് സ്വീകരിച്ച യുവതി യു.കെയിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. 2023-ൽ മൂത്തസഹോദരിയുടെ ഗർഭപാത്രമാണ് ആ യുവതിയിൽ മാറ്റിവെച്ചത്.















































