മധ്യപൂർവേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമ്പോൾ ഇറാനെതിരെ യുഎഇ ആദ്യ പ്രതികാരാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഞായറാഴ്ച ഇറാനിലെ ഒരു ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്രജലത്തിൽ നിന്നോ, ഉപ്പുവെള്ളം നിറഞ്ഞ ഭൂഗർഭജലത്തിൽ നിന്നോ ഉപ്പും മറ്റ് ധാതുക്കളും നീക്കം ചെയ്ത് ശുദ്ധജലം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഡീസലൈനേഷൻ പ്ലാന്റാണ് യുഎഇ ഇറാനെതിരായ ആദ്യ പ്രതികാര ആക്രമണത്തിൽ തകർത്തതെന്ന് ഈ വിഷയവുമായി പരിചയമുള്ള ഒരു സ്രോതസ്സ് ജറുസലേം പോസ്റ്റിനോട് പറഞ്ഞു.
ഇവർ പറഞ്ഞതനുസരിച്ച്, ഇറാനെതിരെ യുഎഇ നടത്തിയ ആദ്യ പ്രതികാരാക്രമണത്തിലാണ് ഈ പ്ലാന്റ് ലക്ഷ്യമിട്ടത്. ഇസ്രയേലി മാധ്യമമായ Ynet റിപ്പോർട്ട് ചെയ്തതനുസരിച്ച്, യുഎഇയുടെ പുതിയ നീക്കത്തോടെ ഇറാനെതിരെ നേരിട്ട് സൈനിക നടപടി സ്വീകരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ എണ്ണം വർധിക്കാമെന്നാണ് വിലയിരുത്തൽ.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്കും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. അബുദാബി ഉൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങൾ ഇറാന്റെ ആക്രമണങ്ങൾക്ക് ഇരയായതിനെ തുടർന്ന് പ്രതികാര നടപടികൾ സ്വീകരിക്കണോ എന്നത് യുഎഇ പരിഗണിച്ചുവരികയായിരുന്നു.
കഴിഞ്ഞ ആഴ്ച യുഎഇയിലെ ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണശ്രമം വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞെങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു.
അതേസമയം ഞായറാഴ്ച ഇറാന്റെ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാൻ വിക്ഷേപിച്ച 17 മിസൈലുകളിൽ 16 എണ്ണം യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞുവീഴ്ത്തിയതായും ഒരു മിസൈൽ കടലിൽ പതിച്ചതായും അധികൃതർ വ്യക്തമാക്കി. ഇറാൻ അയച്ച 117 ഡ്രോണുകളിൽ ഭൂരിഭാഗവും തടഞ്ഞുവെങ്കിലും നാല് ഡ്രോണുകൾ യുഎഇയുടെ ഭൂപ്രദേശത്ത് വീണതായും അറിയിച്ചു.
ഇതിനിടെ ഇറാനുമായി ബന്ധപ്പെട്ട ബില്ല്യൺ ഡോളർ വിലമതിക്കുന്ന ആസ്തികൾ മരവിപ്പിക്കുന്നതിനെ കുറിച്ചും യുഎഇ ആലോചിക്കുന്നതായി വാൾ സ്റ്റ്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. അത്തരമൊരു നടപടി ഇറാന്റെ ആഗോള സാമ്പത്തിക ബന്ധങ്ങളെ ഗുരുതരമായി ബാധിക്കാമെന്നാണ് വിലയിരുത്തൽ. മധ്യപൂർവേഷ്യയിലെ സംഘർഷം കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി വലിയ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയാണ് ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ ഉയരുന്നത്.
















































