കൊച്ചി: ഓണസദ്യയ്ക്ക് രുചിയുടെ പുതിയ വൈവിധ്യമൊരുക്കാൻ ഈസ്റ്റേൺ പുതിയ ഉത്പന്നമായ ‘തനി നാടൻ സാമ്പാർ’ വിപണിയിലെത്തിച്ചു. കേരളത്തിന്റെ രുചി പാരമ്പര്യത്തിൽ നാല് പതിറ്റാണ്ടിലേറെയായി വിശ്വസ്ത പേരായ ഈസ്റ്റേൺ, നാടിന്റെ പല കോണുകളിലെയും രുചി വൈവിധ്യം പരിഗണിച്ചാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നത്. ഇതോടെ ഈസ്റ്റേൺ സാമ്പാർ പൗഡറിനൊപ്പം കായത്തിന്റെ രുചി മുന്നിട്ടുനിൽക്കുന്ന ‘തനി നാടൻ സാമ്പാറും’ ഇനി ലഭ്യമാകും.
ഓണസദ്യയിലെ കേവലം ഒരു വിഭവമല്ല സാമ്പാർ, മറിച്ച് പാരമ്പര്യത്തിന്റെയും വികാരങ്ങളുടെയും പ്രതീകമാണത്. ഓരോ വീട്ടിലും സാമ്പാർ ഒരുങ്ങുന്നത് ഓരോ തരം രുചിയിലാണ്. ഈ വൈവിധ്യങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് ഈസ്റ്റേൺ പുതിയ ഉത്പന്നം പുറത്തിറക്കിയത്.
പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റേൺ ഒരു ക്യാമ്പയിനും തുടക്കമിട്ടു. ഈ രുചി വൈവിധ്യങ്ങളെ ആഘോഷിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ‘സാമ്പാർ പോര്’ എന്ന പേരിൽ ഒരു പരസ്യചിത്രവും പുറത്തിറക്കിയിട്ടുണ്ട്. ഒരു കേരളീയ കുടുംബത്തിൽ നടക്കുന്ന രസകരമായ ഒരു പാചക മത്സരമാണ് പരസ്യത്തിന്റെ ഇതിവൃത്തം. അമ്മയും മകളും തമ്മിൽ നടക്കുന്ന ഈ സാമ്പാർ പോരാട്ടത്തിൽ, ഒരാൾ പരമ്പരാഗതമായ രുചിക്കൂട്ടിൽ സാമ്പാറുണ്ടാക്കുമ്പോൾ മറ്റൊരാൾ കായത്തിന്റെ രുചി മുന്നിട്ടുനിർത്തുന്നു. ഒടുവിൽ മരുമകൻ ഈസ്റ്റേൺ സാമ്പാർ പൗഡറും തനി നാടൻ സാമ്പാർ പൗഡറും ഉപയോഗിച്ച് രണ്ട് വിഭവങ്ങളും ഒന്നാന്തരമാണെന്ന് പ്രഖ്യാപിക്കുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും നർമ്മവും നിറഞ്ഞ ഈ പരസ്യം, ഓരോ വീടിന്റെയും അടുക്കളയിലെ സന്തോഷങ്ങളെയും ഓർമ്മകളെയും തിരിച്ചുപിടിക്കുന്നു.
”കേരളത്തിന്റെ സാമ്പാറിനോടുള്ള ഇഷ്ടം ഈ നാടിനെപ്പോലെ തന്നെ വൈവിധ്യമാർന്നതാണ്. ഓരോ വീടിന്റെയും സ്വന്തം പാചക രീതികൾ അതിനെ വ്യത്യസ്തമാക്കുന്നു. ഈസ്റ്റേണിനെ സംബന്ധിച്ചിടത്തോളം സാമ്പാർ കേവലം ഒരു വിഭവമല്ല, മറിച്ച് നമ്മുടെ സ്വത്വത്തിന്റെയും ആശ്വാസത്തിന്റെയും പ്രതിഫലനമാണ്. കേരളത്തിന്റെ സമ്പന്നമായ പാചക പാരമ്പര്യത്തെ ആഘോഷിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ ക്യാമ്പയിൻ’ എന്ന് പുതിയ ക്യാമ്പയിനെക്കുറിച്ച് ഈസ്റ്റേൺ ബിസിനസ് യൂനിറ്റ് സി.ഇ.ഒ. ഗിരീഷ് നായർ പറഞ്ഞു. റോയ് കുളമാക്കൽ ഈനാസ്, സി.എച്ച് ആർ.ഒ , ശിവപ്രിയ ബാലഗോപാൽ, ഇന്നോവേഷൻ ഹെഡ്, എമി തോമസ്, ജി.എം മാർക്കറ്റിംഗ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
നാല് പതിറ്റാണ്ടിലേറെയായി ഗുണമേന്മയിലും വിശ്വാസ്യതയിലും ഈസ്റ്റേൺ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ പുതിയ ഉത്പന്നം.