വാഷിങ്ടൻ: ഗാസയിൽനിന്നുള്ള പലസ്തീൻകാരെ ജോർദാനിൽ പുനരധിവസിപ്പിക്കണമെന്ന ആവശ്യം, ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിൽ ജോർദാനിലെ അബ്ദുല്ല രാജാവ് തള്ളിയെന്ന് റിപ്പോർട്ട്. ജോർദാനിലും ഈജിപ്തിലുമായി ഗാസയിലെ 20 ലക്ഷത്തിലേറെ പലസ്തീൻകാരെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. പലസ്തീൻകാരെ ഒഴിപ്പിക്കുന്ന വിഷയം ചർച്ച ചെയ്യാനാണെങ്കിൽ വൈറ്റ് ഹൗസ് സന്ദർശനം വേണ്ടെന്നു വയ്ക്കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്ല ഫത്താ അൽ സിസി തീരുമാനിച്ചു. വൈറ്റ് ഹൗസ് സന്ദർശിക്കാൻ ട്രംപ് സിസിയെ ക്ഷണിച്ചിരുന്നു.
കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അസ്വസ്ഥനായി കണ്ട ജോർദാൻ രാജാവ്, ട്രംപിന്റെ നീക്കം സ്വീകാര്യമല്ലെന്ന സൂചനയാണു നൽകിയത്. എത്ര അഭയാർഥികളെ സ്വീകരിക്കുമെന്ന ചോദ്യത്തിന്, കാൻസർ പോലെ ഗുരുതര രോഗ ബാധിതരായ 2,000 പലസ്തീൻ കുട്ടികളെ സ്വീകരിക്കും എന്നാണു മറുപടി. രോഗികളായ പലസ്തീൻ കുട്ടികളെ സ്വീകരിക്കുന്ന നയം നേരത്തേതന്നെ അറബ് രാജ്യങ്ങൾക്കുണ്ട്. ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെ ജനസംഖ്യയിൽ പകുതിയോളം പലസ്തീൻവംശജരാണ്. 1948 ൽ ഇസ്രയേൽ രൂപീകരണകാലത്ത് 8 ലക്ഷം പലസ്തീൻകാരാണ് ജന്മനാട്ടിൽനിന്ന് പലായനം ചെയ്തത്.
അതേസമയം ശനിയാഴ്ച ഹമാസ് ബന്ദികളെ വിടുന്നില്ലെങ്കിൽ, ഗാസയിൽ ആക്രമണം പുനരാരംഭിക്കാൻ ഇസ്രയേൽ സൈന്യം ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി റിസർവ് സൈനികരോടു തിരിച്ചെത്താൻ ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച 3 ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കേണ്ടത്. ഗാസ അതിർത്തിയിൽ പടയൊരുക്കം ആരംഭിക്കാൻ നിർദേശം നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും വ്യക്തമാക്കി. ജനുവരി 19ന് ആരംഭിച്ച വെടിനിർത്തൽ ഇസ്രയേൽ ലംഘിക്കുന്നെന്നാരോപിച്ചാണു ശനിയാഴ്ച ബന്ദികളെ വിടില്ലെന്ന നിലപാട് ഹമാസ് സ്വീകരിച്ചത്. മുഴുവൻ ബന്ദികളെയും വിട്ടില്ലെങ്കിൽ വെടിനിർത്തൽ ഇസ്രയേൽ റദ്ദാക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. വെടിനിർത്തൽ രണ്ടാം ഘട്ട ചർച്ച ഇതോടെ അവതാളത്തിലായി. ഇസ്രയേൽ സംഘം ദോഹയിൽനിന്ന് തിങ്കളാഴ്ച മടങ്ങി. അതിനിടെ, വെടിനിർത്തൽ നിലനിർത്താനുള്ള തീവ്രശ്രമം മധ്യസ്ഥരായ ഖത്തറും ഈജിപ്തും ആരംഭിച്ചിട്ടുണ്ട്.
Jordan Rejects: King Abdullah II’s rejection of Trump’s Palestinian resettlement plan underscores significant diplomatic tension. The proposal, involving relocating millions of Palestinians to Jordan and Egypt, faced immediate opposition from Jordan’s monarch and Egypt’s president.
Donald Trump Jordan President World News Malayalam News