കാനഡയുമായി ചർച്ചയ്ക്ക് തയ്യാറെടുക്കവേ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിച്ച് ടിവി ചാനലിൽ മുൻ പ്രസിഡന്റിന്റെ ‘വ്യാജ പരസ്യം’. പരസ്യം കണ്ടു കലിതുള്ളിയ ട്രംപ്, കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും റദ്ദാക്കി. ഇനി കാനഡയുമായി ചർച്ചയ്ക്കില്ലെന്ന് സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമിട്ടു. കാനഡയിലെ ഒന്റാരിയോ പ്രവിശ്യാ ഗവൺമെന്റാണ് യുഎസ് ടിവി ചാനലുകളിൽ പരസ്യം നൽകിയത്.
അന്തരിച്ച യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗന്റെ സ്വന്തം വാക്കുകൾ ഉപയോഗിച്ച് അമേരിക്കൻ പ്രേക്ഷകർക്ക് താരിഫ് വിരുദ്ധ സന്ദേശം അയയ്ക്കുന്ന ഒന്റാറിയോ സർക്കാരിന്റെ പരസ്യത്തിന്റെ പേരിൽ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
പരസ്യത്തിൽ 38 വർഷം മുൻപ് യുഎസിന്റെ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഇറക്കുമതി തീരുവകളെ വിമർശിച്ച് സംസാരിക്കുന്നതിന്റെ ശബ്ദശകലമാണുണ്ടായിരുന്നത്. ഇതു കണ്ടതോടെ കാനഡയുടെ പ്രവൃത്തി അങ്ങേയറ്റം മോശമാണെന്നും തീരുവ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ, കോടതി വിധിയെ സ്വാധീനിക്കാനുള്ള ശ്രമമാണ് കാനഡ നടത്തിയതെന്നും ട്രംപ് ആരോപിച്ചു. തീരുവകൾ യുഎസിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും അനിവാര്യമാണെന്ന് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.
അതേസമയം 1987ൽ റീഗൻ റേഡിയോയിലൂടെ നടത്തിയ അഭിസംബോധന എഡിറ്റ് ചെയ്താണ് കാനഡ പരസ്യം തയ്യാറാക്കിയതെന്നും തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് ഇതെന്നും ദ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടും പ്രതികരിച്ചു. പക്ഷെ പരസ്യത്തിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്ന വാക്കുകൾ ഏതാണെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കിയില്ല. കൂടാതെ പരസ്യത്തിനെതിരെ നിയമ നടപടി ആലോചിക്കുകയാണെന്നും ഫൗണ്ടേഷൻ അറിയിച്ചു.

















































