വാഷിങ്ടൺ: സൊമാലിയയിൽനിന്നുള്ള കുടിയേറ്റക്കാർ അമേരിക്കയിൽ വേണ്ടെന്നുപറഞ്ഞ് അവരോട് തിരിച്ചുപോകാനാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൊമാലിക്കാർക്ക് നൽകുന്ന നിയമപരമായ താത്കാലിക സംരക്ഷിതപദവി റദ്ദാക്കുമെന്നും അറിയിച്ചു. യുഎസിന്റെ സാമൂഹികസുരക്ഷാ പദ്ധതികളുടെ ഗുണം അത്യധികംപറ്റുന്ന ഇക്കൂട്ടർ അമേരിക്കയ്ക്ക് കാര്യമായൊന്നും സംഭാവനചെയ്യുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം.
യുഎസ് പൗരത്വമുള്ള സൊമാലിയക്കാർക്കും നീക്കം ബാധകമാണോയെന്നു വ്യക്തമല്ല. നിയമവിരുദ്ധ സൊമാലിയൻ കുടിയേറ്റക്കാരെ പിടികൂടി നാടുകടത്താൻ ലക്ഷ്യമിട്ട് ഇമിഗ്രേഷൻ വകുപ്പ് മിനസോട്ട സംസ്ഥാനത്ത് നടപടി ആരംഭിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. മിനസോട്ടയിലാണ് കൂടുതൽ സോമാലിയക്കാരുള്ളത്.
1990-കളിലാണ് സൊമാലിയയിൽനിന്ന് യുഎസിലേക്ക് അഭയാർഥിപ്രവാഹമാരംഭിച്ചത്.ഏതാനും ദിവസംമുൻപ് വൈറ്റ്ഹൗസിനുസമീപം നാഷണൽ ഗാർഡുകൾക്കുനേരേ വെടിവെപ്പുണ്ടായതിനെത്തുടർന്ന് അഭയാർഥികളെ സ്വീകരിക്കുന്നതുസംബന്ധിച്ച എല്ലാ നടപടികളും നിർത്തിവയ്ക്കുകയാണെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു.



















































