തൃശ്ശൂർ: ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയിൽ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയിൽ നിന്ന് തിരികെ വാങ്ങി.
മുസ്തഫയുടെ സ്ഥലവും കൊള്ളാപലിശക്കാരൻ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് കുടുംബം ആരോപിച്ചു. 20 ലക്ഷം രൂപയുടെ സ്ഥലം അഞ്ച് ലക്ഷം രൂപയുടെ മതിപ്പുകാട്ടിയാണ് എഴുതി വാങ്ങിയത്. പലിശക്കാരിൽ നിന്ന് കടുത്ത പീഡനമാണ് മുസ്തഫ നേരിട്ടത്. കച്ചവട സ്ഥാപനത്തിൽ കയറി പലിശക്കാർ പലവട്ടം പണം എടുത്തുകൊണ്ടു പോയി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മുസ്തഫയെ മർദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തി. പണം നൽകിയത് 20 ശതമാനം മാസ പലിശയ്ക്കായിരുന്നു. വാങ്ങിയ പണത്തിന്റെ നാല് ഇരട്ടിയിലധികം പണം നൽകിയിട്ടും ഭീഷണി തുടർന്നു. ഗുരുവായൂർ ടെംമ്പിൾ പൊലീസിൽ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.