ടെൽ അവീവ്: ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ പിന്മാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ‘‘പോരാട്ടം ശക്തമാണ്. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കും. ഞങ്ങൾ പിൻമാറില്ല. പക്ഷേ വിജയിക്കണമെങ്കിൽ, തടയാൻ കഴിയാത്ത രീതിയിൽ നമ്മൾ പ്രവർത്തിക്കണം’’ – എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നെതന്യാഹു പറഞ്ഞു.ലോകരാജ്യങ്ങൾ സമ്മർദം ശക്തമാക്കിയതോടെ പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക് കടത്തിവിടാൻ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്.
ഹമാസ് ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനാണ് തങ്ങളുടെ നീക്കമെന്നും ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചുമതലയിൽനിന്ന് ഹമാസിനെ അകറ്റിനിർത്തുമെന്നും നെതന്യാഹു പറഞ്ഞു. ഗാസ മുനമ്പ് മുഴുവൻ പിടിച്ചെടുക്കാനും അതിന്റെ മേൽ അനിശ്ചിതകാലത്തേക്ക് നിയന്ത്രണം നിലനിർത്താനും ലക്ഷ്യമിട്ട് ഇസ്രയേൽ തങ്ങളുടെ സൈനിക നടപടികൾ വർധിപ്പിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. സൈന്യം പതിനായിരക്കണക്കിന് റിസർവ് സൈനികരെ വിളിക്കുകയാണെന്ന് ഇസ്രയേൽ സൈനിക മേധാവി നേരത്തെ പറഞ്ഞിരുന്നു.















































