കൊയിലാണ്ടി: കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടത് ക്ഷേത്രമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വളരെ ദാരുണവും നാടിനെ ഞെട്ടിച്ചതുമായ ദുരന്തമാണുണ്ടായത്. ബന്ധപ്പെട്ടവരുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. നാട്ടാന പരിപാലനചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെനനും ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ക്ഷേത്രം വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേണ്ടത്ര ശ്രദ്ധയുണ്ടായോ എന്ന സംശയം ജില്ലാ ഭരണകൂടവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ നിയമപരമായ നടപടി സ്വീകരിക്കും. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും പ്രത്യേകം പരിശോധന നടത്തേണ്ടതുണ്ട്. കാരണം, അവരാണ് എഴുന്നള്ളിപ്പിനുള്ള അന്തിമമായ അധികാരം നൽകേണ്ടത്. നിലവിൽ കോടതി നിർദേശവും നിയമവും പാലിച്ച് മുന്നോട്ടുപോവാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും ശശീന്ദ്രൻ പറഞ്ഞു.
പാവക്കുട്ടിയെ തെരഞ്ഞിറങ്ങിയ കുട്ടി കിണറ്റില്‍ വീണു, സംസാരശേഷിയില്ലാത്തതിനാല്‍ ആരും അറിഞ്ഞില്ല; ദാരുണാന്ത്യം
അപകടത്തിൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് വളരെ നിഷ്പക്ഷമായി നടക്കുമെന്നും മന്ത്രി പറഞ്ഞു. പരുക്കേറ്റവരുടെ കാര്യത്തിൽ ക്ഷേത്രം ഭാരവാഹികൾതന്നെ ആവശ്യമായ ശ്രദ്ധയും പരിരക്ഷയും നൽകുന്നുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആന വിരളാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അക്കാര്യങ്ങളിലെല്ലാം അന്വേഷണം നടത്തും. വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ആരായാലും നടപടികളുണ്ടാവും, മന്ത്രി പറഞ്ഞു.
നിലവിൽ നഷ്ടപരിഹാരം ക്ഷേത്രങ്ങൾതന്നെ നൽകുന്ന കീഴ്‌വഴക്കമാണ് ഇവിടെയുള്ളത്. അതനുസരിച്ച് പോകട്ടെ എന്നുതന്നെയാണ് ഇപ്പോഴത്തെ നിലപാട്. മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ തനിക്ക് ഒറ്റയ്ക്ക് പറയാനോ പ്രഖ്യാപിക്കാനോ സാധിക്കില്ല. കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രിക്കുമുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.