തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കസ്റ്റഡിയിലിരിക്കെ മെഡിക്കൽ കോളേജിൽനിന്നു ചാടിപ്പോയ കൊല്ലം കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസി(43)നായി അന്വേഷണം ഊർജിതമാക്കി പോലീസ്. ഡൽഹി രജിസ്‌ട്രേഷനിലുള്ള കാറിലാണിയാൾ പോയതെന്ന് പോലീസ് പറഞ്ഞു.
ചികിത്സയിലിരിക്കേ തിങ്കളാഴ്ച പുലർച്ചെയാണ് മെഡിക്കൽ കോളേജിൽനിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ജനാലവഴി രക്ഷപ്പെട്ടത്. കൊല്ലം വെസ്റ്റ് പോലീസാണിയാളെ കസ്റ്റഡിയിലെടുത്തത്. ശാരീരികാവശതകൾ അനുഭവപ്പെട്ടതിനെത്തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രതി ആസൂത്രിതമായാണ് രക്ഷപ്പെട്ടതെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു.
നേരത്തേ തയ്യാറാക്കിനിർത്തിയ കാറാണ് ഇതിനായി ഉപയോഗിച്ചത്. സിസിടിവി ദൃശ്യം പരിശോധിച്ചതിൽനിന്നു രക്ഷപ്പെടാനുപയോഗിച്ച കാർ ഉള്ളൂർവരെയെത്തിയതായി മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ പ്രതി വാഹനം മാറിക്കയറിയോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.


















































