മീററ്റ്: മദ്രസയിൽ വച്ച് രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഉസ്താദ് മുഖത്തടിച്ചു. ഉസ്താദ് ദത്തെടുത്ത 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് 14കാരി. ഉത്തർപ്രദേശിലെ ബാഗ്പതിലെ തണ്ടയിലെ ദാരുൾ ഉലൂം മുസാഫരിയ ലിൽ ബനാത് മദ്രസയിലാണ് സംഭവം.
ഒരു മാസം മുൻപാണ് 14കാരിയെ മദ്രസയിൽ വിലക്കുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗത്തിന് പിടികൂടുന്നത്. അന്ന് ഉസ്താദും ഭാര്യയും മറ്റുള്ളവരുടെ മുന്നിൽ വച്ച് വഴക്ക് പറയുകയും 14കാരിയെ ഉസ്താദ് മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. ഇതിലെ പക മനസിൽ സൂക്ഷിച്ചിരുന്ന കൗമാരക്കാരി ശനിയാഴ്ച രാത്രിയിൽ മറ്റുള്ളവർ ഉറങ്ങിയ ശേഷം 11 മാസം പ്രായമുള്ള ഉസ്താദിന്റെ ദത്തുപുത്രനെ തുണികൾകൊണ്ട് പൊതിഞ്ഞുമൂടി കിടക്കയ്ക്ക് അടിയിൽ വച്ച ശേഷം പുതപ്പ് കൊണ്ട് മൂടിയിടുകയായിരുന്നു. കുട്ടിയെ അടുത്ത ദിവസം ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ലഭിച്ച മുറി 14കാരി നിരവധി തവണ സന്ദർശിക്കുന്നതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം കൗമാരക്കാരിയുടെ നേർക്കായത്. പൊലീസുകാർ ചോദ്യം ചെയ്തപ്പോഴാണ് ഉസ്താദും ഭാര്യയും തന്നെ മർദ്ദിച്ച കാര്യം 14കാരി വെളിപ്പെടുത്തുന്നത്.
രഹസ്യമായി 14കാരി ഫോൺ സൂക്ഷിച്ച കാര്യം ഉസ്താദ് വീട്ടിൽ അറിയിച്ചതിന് പിന്നാലെ വീട്ടുകാരും കൗമാരക്കാരിയെ മർദ്ദിച്ചിരുന്നു. സംഭവത്തിൽ 11മാസം പ്രായമായ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. 14കാരിയെ പൊലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ഛപ്രൗളി പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.
മറ്റൊരു സംഭവത്തിൽ ഉത്തർ പ്രദേശിലെ ബാഗ്പാതിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച 15കാരൻ പിടിയിലായി. അയൽവാസിയായ 15കാരൻ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചത്. അയൽവാസിയുടെ മകൻ സാധാരണ മകളെ ലാളിക്കാറുള്ളതിൽ വീട്ടുകാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ അൽപനേരത്തിനുള്ളിൽ കുഞ്ഞ് ബഹളം വച്ച് കരയുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ അയൽവാസിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് 15കാരൻ പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം കാണിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. മാതാപിതാക്കൾ ബഹളം വച്ചതോടെ മറ്റ് അയൽവാസികൾ ഓടിയെത്തുകയും 15കാരനെ പിടിച്ച് വയ്ക്കുകയുമായിരുന്നു. നാട്ടുകാരാണ് 15കാരനെ പൊലീസിന് കൈമാറിയത്.