മലപ്പുറം: താനൂരിൽ നിന്നു ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനിലനിൽ നിന്നാണ് റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത്. ചെന്നൈ – എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കേരള പോലീസ് കൈമാറിയ ഫോട്ടോയിൽ നിന്നാണ് റെയിൽവേ ഉദ്യോഗസ്ഥർക്ക് കുട്ടികളെ തിരിച്ചറിയാനായത്.
കുട്ടികൾ സുരക്ഷിതരാണെന്നും പുനെ ആർപിഎഫ് ഓഫീസിലേക്ക് ഇരുവരെയും കൊണ്ടുപോയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കുട്ടികളും സന്തോഷത്തിലാണ്. വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കു പറയുമോ എന്ന ഭയത്തിലാണെന്നും ഇരുവരുമായി ഫോണിൽ സംസാരിച്ച താനൂർ ഡിവൈഎസ്പി പറഞ്ഞു.
മുംബൈയിലെ പൻവേലിൽ എത്തിയതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം ഇരുവരും മുംബൈയിൽ എത്തിയെന്നാണ് പോലീസ് നൽകിയ വിവരം. പെൺകുട്ടികൾ പൻവേലിലെ ബ്യൂട്ടി പാർലറിൽ എത്തി മുടി ട്രിം ചെയ്യുന്നതിന്റെ വിഡിയോ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നിലവില്‍ വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചിട്ടുണ്ട്. ഉച്ചയോടെ താനൂർ പോലീസിന് പെൺകുട്ടികളെ കൈമാറും. മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗൺസിലിങ് അടക്കം നല്‍കുമെന്ന് പോലീസ് അറിയിച്ചു.