ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ കളി തുടങ്ങുന്നതിനു മുൻപേ പാക്കിസ്ഥാൻ നൽകിയ മുറിവ് ഒരു കളികൊണ്ടൊന്നും ഉണങ്ങില്ലെന്ന നയം വ്യക്തമാക്കുംവിധമായിരുന്നു ക്യാപ്റ്റൻ സൂര്യകുമാറിന്റെ ശരീര ഭാഷ. ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മുൻപ് ടോസ് ഇട്ടപ്പോഴും കളി വിജയിച്ച് കളം വിടുമ്പോഴും ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ടോസ് ഇട്ടതിനു ശേഷം ക്യാപ്റ്റൻമാർ തമ്മിൽ ഹസ്തദാനം ചെയ്യുന്ന പതിവുണ്ട്. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും ഹസ്തദാനത്തിനു നിന്നില്ലെന്നു മാത്രമല്ല, ഇരുവരും മുഖത്തേക്കു പോലും നോക്കിയില്ല.
അതുപോലെ സിക്സറടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷവും പാക് താരങ്ങളെ മൈൻഡ് പോലും ചെയ്യാതെ ശിവം ദുബെയ്ക്കൊപ്പം കളം വിടുകയായിരുന്നു സൂര്യ.
ഷെയ്ക് ഹാൻഡ് നൽകാതെ നടന്നുപോകുന്ന താരങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതുപോലെ ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുൻപ് ടീം ക്യാപ്റ്റൻമാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയിൽവച്ച് ഇന്ത്യൻ ക്യാപ്റ്റന് ഹസ്തദാനത്തിന് പാക്കിസ്ഥാൻ ക്യാപ്റ്റൻ തയാറായിരുന്നില്ല.
അതേസമയം മത്സരത്തിൽ ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ വെടിക്കെട്ട് വിജയം. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (37 പന്തിൽ 47*) മുന്നിൽനിന്നു നയിച്ചപ്പോൾ അഭിഷേക് ശർമ (13 പന്തിൽ 31), തിലക് വർമ (31 പന്തിൽ 31), ശുഭ്മാൻ ഗിൽ (7 പന്തിൽ 10), ശിവം ദുബൈ (7 പന്തിൽ 10*) എന്നിങ്ങനെ മറ്റുബാറ്റർമാർ പിൻതുണയേകി. ഇതോടെ ഏഷ്യാ കപ്പ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം ഇന്ത്യ നിലനിർത്തുകയും ചെയ്തു. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ടോസ് നഷ്ടപ്പെട്ട് മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ ഇന്ത്യ ആക്രമിച്ചു കളിക്കുകയായിരുന്നു. ബോൾ ബൗണ്ടറി കടത്തിയാണ് ഓപ്പണർ അഭിഷേക് ശർമ തുടങ്ങിയത്. ആദ്യ ഓവറിൽ അഭിഷേകും ഗില്ലും ചേർന്ന് 12 റൺസ് നേടി. രണ്ടാം ഓവറിൽ തുടർച്ചയായി ബൗണ്ടറി നേടി ഗിൽ നന്നായി തുടങ്ങിയെങ്കിലും അതേ ഓവറിലെ അവസാന പന്തിൽ തന്നെ പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എത്തിയതോടെ അഭിഷേക് കൂടുതൽ ആക്രമണകാരിയായി. നാലാം ഓവറിൽ സയിം അയൂബ് തന്നെയാണ് അഭിഷേകിനെയും പുറത്താക്കിയത്. പിന്നീടെത്തിയ തിലക് വർമയും സൂര്യകുമാറും ചേർന്ന് മൂന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. 13–ാം ഓവറിൽ തിലകിനെ പുറത്താക്കി സയിം തന്നെ ആ കൂട്ടുകെട്ടും പൊളിച്ചു. പിന്നീടെത്തിയ ശിവം ദുബെയും സൂര്യകുമാറും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.