പാലക്കാട്∙ ബിജെപി നേതാവും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രന് ആലപ്പുഴയിലെ ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്.
നിശ്ശബ്ദ പ്രചാരണദിനമായ 8നു കണ്ണാടി തരുവക്കുറിശിയിൽ എൻഡിഎ സ്ഥാനാർഥിക്കായി വോട്ടർക്ക് 5,000 രൂപ നൽകിയെന്നു കോൺഗ്രസ് പരാതി നൽകിയിരുന്നു. വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് സ്ഥലത്തെത്തി വോട്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. ശോഭയുടെ മൊഴിയും രേഖപ്പെടുത്തി. വിവാദം ബിജെപിക്ക് തിരിച്ചടിയായി. ഈ വിവാദത്തിൽ ബിന്ദുവിനു പങ്കുണ്ടെന്നാണ് ശോഭ ആരോപിക്കുന്നത്.
നിങ്ങൾ ബിജെപി പ്രവർത്തക അല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദു ആണെന്ന് ആരോപിക്കുന്ന ശോഭ, അടിച്ച് പണിക്കുറ്റം തീര്ക്കുമെന്നാണ് ഫോൺ സന്ദേശത്തിൽ പറയുന്നത്. വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ റജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്.
ശോഭാ സുരേന്ദ്രനെതിരെ ബിന്ദു പൊലീസിൽ പരാതി നൽകി. കോൾ റെക്കോർഡ് അടക്കമാണ് പൊലീസിൽ പരാതി നൽകിയത്. ഇന്നലെയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു പറഞ്ഞു. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു. തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഓൺലൈനായി പരാതി നൽകിയതെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽനിന്ന് മത്സരിച്ചിരുന്നു. അന്നു മുതൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പാർട്ടിയെ രണ്ട് ജില്ലകളായി തിരിച്ചതിന് പിന്നാലെ രൂപപ്പെട്ട ചേരിതിരിവുകളാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനമെന്നാണ് സൂചന.













































