കൊല്ലം: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിർത്ത് എസ്‌ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുവാദത്തോടെയാണെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. അതുപോലെ തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല. സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള ചികിത്സ നിലവിൽ തന്ത്രിക്ക് നൽകുന്നുണ്ടെന്നും എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെയാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം വിജിലൻസ് കോടതി എസ്‌ഐടിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിലാണ് തന്ത്രിക്കെതിരായ ഗുരുതര പരാമർശങ്ങൾ ആവർത്തിച്ചത്. തന്ത്രിക്ക് ജാമ്യം നൽകരുതെന്നും ജാമ്യം നൽകിയാൽ കേസിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അന്വേഷണ ഉദ്യാഗസ്ഥർ കോടതിയെ അറിയിച്ചു. പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കുന്നതിനിടെയാണ് എസ്ഐടിയുടെ നീക്കം. എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ട് കണക്കിലെടുത്താൽ തന്ത്രിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. കേസിൽ തന്ത്രിക്ക് സ്വാഭാവിക ജാമ്യം ലഭിക്കണമെങ്കിൽ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടതുണ്ട്.
ഇതിനിടെ തന്ത്രിക്കെതിരെ ഇഡിയും പിടിമുറുക്കിയിട്ടുണ്ട്. തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചുവെന്ന് ആരോപിച്ച ധനകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടന്നിരുന്നു. പത്തനംതിട്ട, തിരുവല്ലയിലെ നെടുംപറമ്പ് ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്ഥാപനത്തിലാണ് പരിശോധന ഇഡി പരിശോധന നടത്തിയത്. തന്ത്രിക്ക് നെടുംപറമ്പ് ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെപി ഉദയഭാനു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥാപനത്തിൽ ഇഡി പരിശോധന നടത്തിയത്.
രണ്ടര കോടി രൂപയോളം തന്ത്രി കണ്ഠരര് രാജീവര് നെടുംപറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചിരുന്നു. പിന്നീട് സ്ഥാപനം പൂട്ടിപ്പോയി. എന്നാൽ പരാതി നൽകാനോ, പോലീസിനെ സമീപിക്കാനോ തന്ത്രി തയ്യാറായിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. അതോടൊപ്പം പത്തനംതിട്ട എംപി ആന്റോ ആന്റണി രണ്ടര കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചതായും കെപി ഉദയഭാനു ആരോപിച്ചിരുന്നു. ഇതും സംശയത്തിന് വഴിവെച്ചിരുന്നു. ഫിനാൻസ് സ്ഥാപനം പൂട്ടിപ്പോയി എന്ന് പറയുമ്പോളും കുറച്ച് ജീവനക്കാർ ജോലി ചെയ്യുകയും പ്രവർത്തനങ്ങൾ ഭാഗീകമായി നടക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരുന്നു റെയ്ഡ് നടത്താൻ ഇഡി തീരുമാനിച്ചത്.
അന്വേഷണ ഘട്ടത്തിൽ തന്നെ നെടുംപറമ്പിൽ ഫിനാൻസിൽ രണ്ടര കോടി രൂപ നിക്ഷേപിച്ചതായി തന്ത്രി എസ്ഐടിയോട് പറഞ്ഞിരുന്നു. ഈ സ്ഥാപനം പൂട്ടിയപ്പോൾ ഈ പണം നഷ്ടമായെന്നും എന്നാൽ പരാതി നൽകിയിരുന്നില്ലെന്നും കണ്ഠരര് രാജീവര് പറഞ്ഞിരുന്നു.















































