കൊച്ചി: തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തനിക്കെതിരായ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
തനിക്കെതിരായ കേസിൽ നടപടിയെടുത്തത് വസ്തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നു. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് താൻ അഭിനയിച്ചത്. അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. വ്യാഴാഴ്ച തന്നെ ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരിൽ പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. അതേസമയം അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാൻ വെറും ദിവസങ്ങൾ മാത്രമുള്ളപ്പോൾ വന്ന കേസ് മനപ്പൂർവമാണെന്ന സംശയം നിലനിൽക്കുന്നുണ്ട്.