ആലപ്പുഴ: പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ അങ്ങേയറ്റം സങ്കടപൂർണമായ വാർത്തയാണ് പുറത്തുവന്നതെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. അഞ്ചു വർഷക്കാലം ഒരു സഹോദരി വയറ്റിൽ കത്രിക വെച്ച് നടക്കുക എന്ന് പറഞ്ഞാൽ, അതിനപ്പുറം ഗതികേട് എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ഇപ്പോൾ പുറത്തുവന്ന ഈ വാർത്ത നമ്മുടെ പൊതുജനാരോഗ്യ രംഗത്തിന്റെ ഗതികേട് വെളിച്ചത്ത് കൊണ്ടുവരുന്നത്. സർക്കാർ മെഡിക്കൽ കോളജുകളിൽ ഇത്ര അനാസ്ഥയോട് കൂടിയിട്ടാണോ കാര്യങ്ങൾ ചെയ്യുന്നത്. ലാഘവത്തോട് കൂടിയിട്ടാണോ കൈകാര്യം ചെയ്യുന്നത്? അങ്ങേയറ്റത്തെ സങ്കടകരമായിട്ടുള്ള കാര്യമാണ്. ഞാൻ ആ സഹോദരിയോട് സംസാരിച്ചു. നമുക്ക് സംസാരിക്കാൻ പറ്റുന്നില്ല. അവരുടെ അവരുടെ കണ്ണീര് കാണുമ്പോൾ അവരുടെ പ്രയാസങ്ങൾ കാണുമ്പോൾ എന്ത് മറുപടിയാണ് പറയുക? ഇതാണ് കംപ്ലീറ്റ് സിസ്റ്റം ഫെയിലിയർ എന്ന് പറയുന്നത്. മാത്രമല്ല ഇപ്പോൾ കണ്ടുപിടിച്ച് മെഡിക്കൽ കോളജിൽ പോയി. അവർ അപ്പൊ തന്നെ അവർ പരിഹാരം ഉണ്ടാക്കുകയല്ലേ വേണ്ടത് – അദ്ദേഹം ചോദിച്ചു.
ഈ വിഷയത്തിൽ ഗവൺമെന്റ് ഇക്കാര്യത്തിൽ ഇനി ഒരു മിനിറ്റ് വൈകാതെ ഈ സ്ത്രീക്ക് നീതി കൊടുക്കാൻ വേണ്ടിയുള്ള നടപടി ഉണ്ടാക്കണം. അവർക്ക് നഷ്ടപരിഹാരം കൊടുക്കണം. പൂർണമായ ചികിത്സ ഉറപ്പുവരുത്തണം. ഈ കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം – കെസി വേണുഗോപാൽ പറഞ്ഞു. ഇത്രയേറെ വേദന പേറി നടക്കുന്ന സഹോദരിമാരുടെ ദുഃഖം കാണാൻ കഴിയാത്ത തരത്തിൽ സർക്കാരിന് നിസംഗതയാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടികൾ എടുത്തിരുന്നെങ്കിൽ ആവർത്തിക്കുമായിരുന്നോ?. എല്ലാ കാലത്തും ഇങ്ങനെ അനാസ്ഥയുമായി മുന്നോട്ട് പോകാൻ പറ്റുമോ?. 24 മണിക്കൂറിനകം ഇക്കാര്യത്തിൽ സർക്കാരിന്റെ നടപടി ഉണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെയാണ് വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് സംശയം. മൂത്രത്തിൽ കല്ലെന്ന ഡോക്ടർമാരുടെ വാക്ക് വിശ്വസിച്ച് കഠിന വേദനയുമായി ജീവിക്കുകയായിരുന്നു അഞ്ച് വർഷത്തോളം പുന്നപ്ര തെക്ക് നാൽപ്പതിൽ ചിറയിൽ ഉഷ ജോസഫ്. വയറ്റിൽ കുടുങ്ങിയ കത്രിക കണ്ടെത്തിയത് പിന്നീട് നടത്തിയ എക്‌സ് റേയിലാണ്. 2021 മേയ് 3 ന് ആയിരുന്നു ഉഷ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.















































