ന്യൂഡൽഹി: നൂറാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ ഈ മാസം നടക്കുന്ന സമ്മേളനം വമ്പൻ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുന്ന ആർഎസ്എസ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളെ ക്ഷണിക്കില്ലെന്ന് റിപ്പോർട്ട്. അതിഥികളെ ക്ഷണിക്കുന്ന പട്ടികയിൽ നിന്ന് ഈ രാജ്യങ്ങളെ ഒഴിവാക്കിയെന്നാണ് വിവരം. ഇന്ത്യയുമായുള്ള ബന്ധം മോശമായതിനാലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഒഴിവാക്കിയത്.
ലോകമാകെയുള്ള ബുദ്ധിജീവികൾ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ്, സംരംഭകർ, സാമുദായിക നേതാക്കളെയും പരിപാടികളിലേക്ക് ക്ഷണിക്കുന്നുണ്ട്. അതേസമയം ഇന്ത്യയുമായുള്ള ബന്ധം നല്ലതല്ലാത്തതാണ് മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കാൻ കാരണമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 26 മുതൽ 28 വരെ ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് ആർഎസ്എസിൻ്റെ നൂറാം വാർഷികാഘോഷം നടക്കുന്നത്. അതിഥികളെ ക്ഷണിക്കുന്നതിനായി ലോകമാകെയുള്ള ഇന്ത്യൻ എംബസികളുമായി ആർഎസ്എസ് നേതൃത്വം ബന്ധപ്പെടുന്നതായാണ് വിവരം. ഓഗസ്റ്റ് 28 ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത് നേരിട്ട് സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകും.
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് ആയുധം നൽകി സഹായിച്ചതോടെയാണ് തുർക്കിയുമായി ഇന്ത്യ അകന്നത്. അന്ന് തുർക്കിക്കെതിരെ കടുത്ത നിലപാട് ആർഎസ്എസ് സ്വീകരിച്ചിരുന്നു. സ്വദേശി ജാഗരൺ മഞ്ചിന് ശേഷം ആർഎസ്എസ് തുർക്കിക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർത്തിയിരുന്നു.
ആർഎസ്എസ് 2018 ലാണ് നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഈ വർഷം ഡൽഹിയിലെ ആഘോഷങ്ങൾക്ക് ശേഷം നവംബറിൽ ബെംഗളൂരുവിലും അടുത്ത വർഷം ഫെബ്രുവരിയിൽ കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും സമ്മേളനങ്ങൾ നടക്കും. ഈ പരിപാടികളിൽ ആർഎസ്എസിൻ്റെ ചരിത്രം വിശദീകരിക്കുകയും ഇന്ത്യൻ സമൂഹത്തിൽ ആർഎസ്എസിൻ്റെ പ്രസക്തി ഉയർത്തിയുള്ള ചർച്ചകളും നടക്കും. ഭാവിയിലേക്കുള്ള നയപരിപാടികളും ഈ സമ്മേളനങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം.