സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ 50-ാം സെഞ്ചുറി കുറിച്ച് ഹിറ്റ്മാൻ. സിഡ്‌നിയിൽ ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെയാണ് 50 എന്ന നാഴികക്കല്ല് പിന്നിട്ടത്. ഏകദിനത്തിൽ 33 സെഞ്ചുറി നേടിയ രോഹിത് ടെസ്റ്റിൽ 12 സെഞ്ചുറിയും ടി20യിൽ അഞ്ച് സെഞ്ചുറിയും നേടിയിട്ടുണ്ട്.
അതേസമയം പരമ്പര തൂത്തുവരാൻ ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ആശ്വാസ ജയവും ഇന്ത്യ സ്വന്തമാക്കി. ഓസീസ് മുന്നിൽവെച്ച 237 എന്ന ലക്ഷ്യം 38.1 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും തകർപ്പൻ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്. രോഹിത് സെഞ്ചുറിയും (121*) വിരാട് (74*) അർദ്ധ സെഞ്ചുറിയും നേടി. 24 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.
അതുപോലെ ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന സന്ദർശക ബാറ്ററും രോഹിത് തന്നെ. 33 ഇന്നിംഗ്‌സിൽ നിന്ന് ആറ് സെഞ്ചുറികൾ രോഹിത്ത് തന്റെ പേരിലാക്കിയിട്ടുണ്ട് . 32 ഇന്നിംഗ്‌സിൽ നിന്ന് അഞ്ച് സെഞ്ചുറി നേടിയ വിരാട് കോലി, കുമാർ സംഗക്കാര (49 ഇന്നിംഗ്‌സിൽ നിന്ന് അഞ്ച്) എന്നിവരെയാണ് രോഹിത് പിന്തള്ളിയത്. ഓസ്‌ട്രേലിയക്കെതിരെ മാത്രം ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു. ഇരുവരും ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് സെഞ്ചുറികൾ വീതം നേടിയിട്ടുണ്ട്.
അതേസമയം ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡിൽ കോലിക്ക് താഴെയാണ് രോഹിത്തിന്റെ സ്ഥാനം. ശ്രീലങ്കയ്‌ക്കെതിരെ 10 സെഞ്ചുറികൾ നേടിയ കോലിയാണ് ഒന്നാമൻ. ഓസീസിനെതിരെ ഒമ്പത് സെഞ്ചുറികൾ വീതം നേടിയ രോഹിതും സച്ചിനും പിന്നിൽ. വെസ്റ്റ് ഇൻഡീസിനെതിരെ കോലിയും ഒമ്പത് സെഞ്ചുറികൾ നേടിയിട്ടുണ്ട്. മൂന്ന് ഫോർമാറ്റിലും അഞ്ചോ അതിലധികമോ സെഞ്ചുറി നേടുന്ന ഏക താരം കൂടിയാണ് രോഹിത്.
അതേസമയം നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 46.4 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 236 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 56 റൺസെടുത്ത മാറ്റ് റെൻഷാ ആണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഓസീസിനായി ക്യാപ്റ്റൻ മിച്ചൽ മാർഷ് 41ഉം ട്രാവിസ് ഹെഡ് 29ഉം റൺസെടുത്തു. 34-ാം ഓവറിൽ 183-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസിന്റെ അവസാന ഏഴ് വിക്കറ്റുകൾ 53 റൺസിനിടെ എറിഞ്ഞിട്ടാണ് ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തിയത്. ഇന്ത്യക്കായി ഹർഷിത് റാണ നാലു വിക്കറ്റെടുത്തപ്പോൾ വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റെടുത്തു. കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.













































