തിരുവനന്തപുരം: തനിക്കെതിരായുണ്ടായ സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി റിനി ആൻ ജോർജ്. സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്നാണ് നടിയുടെ ആവശ്യം. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ അടക്കമുള്ളവർക്കെതിരെയാണ് നടി പരാതി നൽകിയത്.
പരാതിയോടൊപ്പം വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കം ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. യുവ നേതാവിനെതിരായ ആരോപണത്തെ തുടർന്നാണ് നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായത്.
അതേസമയം നേരത്തെ, തൻറെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും റിനി ആൻ ജോർജ് പ്രതികരിച്ചിരുന്നു. കൂടാത രാഹുൽ രാജി വെക്കണോ എന്ന് പ്രസ്ഥാനം തീരുമാനിക്കട്ടെയെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണെന്നും റിനി ആൻ ജോർജ് പറഞ്ഞു. വിഡി സതീശൻ മനസാ വാചാ കർമണ അറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ആൻ ജോർജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് റിനിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവിനെ പിന്തുണച്ചുകൊണ്ടാണ് റിനി ആൻ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തൻറെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സിദ്ധാന്തം ഉന്നയിക്കുകയും ബഹുമാനത്തോടെ കാണുന്ന നേതാവിനെ അതിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് വലിയ വേദന സൃഷ്ടിക്കുന്നുവെന്നായിരുന്നു റിനി പോസ്റ്റിട്ടത്. സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ എന്നും റിനി ചോദിച്ചു. മനസും വായുമറിയാത്ത വ്യക്തികളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നവരോടെ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാനാണെന്നും റിനി പോസ്റ്റിൽ ചോദിക്കുന്നു. എൻറെ വാക്കുകൾ എൻറേത് മാത്രമാണെന്നും ഒരു ഗൂഢാലോചന സിദ്ധാന്തവും ഇവിടെ വർക്ക് ഔട്ട് ആവുകയില്ലെന്നും റിനി പോസ്റ്റിലൂടെ പറയുന്നു. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു റിനിയുടെ പോസ്റ്റ്.