കൊച്ചി∙ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തർക്കമാണ് തനിക്കെതിരെയുള്ള ഉയർന്ന ലൈംഗികാതിക്രമ പരാതിക്ക് കാരണമെന്നു സംവിധായകൻ രഞ്ജിത് കോടതിയിൽ. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. അതേസമയം, രഞ്ജിത് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വിട്ടുതരണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കസ്റ്റഡി–ജാമ്യാപേക്ഷകള്‍ കോടതി ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്. രഞ്ജിത്തിനെ കഴിഞ്ഞ ദിവസം 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും ഞായറാഴ്ച തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി രഞ്ജിത്തിനെ തിരികെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടിരുന്നു.
നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരത്തതിനാൽ ചില സീനുകൾ വെട്ടിക്കുറച്ചിരുന്നുവെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ വാദിച്ചു. ഇക്കാര്യം സെറ്റിൽ പ്രചരിച്ചതിന്റെ പ്രതികാരമായാണു തനിക്കെതിരെ പരാതി നൽകിയത്. നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചു. കൃത്യം നടന്നുവെന്നു പറയുന്നത് ഷൂട്ടിങ് ലൊക്കേഷനിലാണ്. അവിടെ 200ഓളം ആളുകൾ ഉണ്ടായിരുന്നു. സംഭവം നടന്നുവെന്നു പറയുന്നതിന്റെ രണ്ടു മാസം കഴിഞ്ഞാണു നടി പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഇനിയും കസ്റ്റഡി ആവശ്യമില്ല. ആവശ്യപ്പെടുമ്പോൾ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ തയാറാണ് എന്നും രഞ്ജിത്തിന്റെ അഭിഭാഷകൻ വാദിച്ചു. തിടുക്കപ്പെട്ടുള്ള അറസ്റ്റിന്റെ സാഹചര്യം ഇല്ലായിരുന്നുവെന്നും രഞ്ജിത്തിന്റെ വാദത്തിലുണ്ട്.
അതേസമയം, രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. രഞ്ജിത് കോടതിയുടെ നിർദേശം പോലും അനുസരിച്ചില്ല. പൊലീസ് കസ്റ്റഡിയിലിരിക്കെ മരുന്നുകൾ കഴിക്കാൻ പോലും രഞ്ജിത് തയാറായില്ല. ഈ സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പു തന്നെ കോടതിയിൽ ഹാജരാക്കിയത്. സിനിമയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാൻ സാധിച്ചില്ലെന്നും അതിനായി രഞ്ജിത്ത് സഹകരിച്ചില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഈ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
തനിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ വേണ്ടിയുള്ള നീക്കമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്ന് രഞ്ജിത് പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തന്നെ ജയിലിൽ കിടത്താനുള്ള നീക്കമാണു നടക്കുന്നത്. മരുന്ന് കഴിക്കുന്നില്ല എന്ന കാര്യം റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്. മാധ്യമശ്രദ്ധ ലഭിച്ച കേസിൽ പ്രതിക്ക് ജാമ്യം നൽകരുത് എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ ആവില്ലെന്നും രഞ്ജിത് വാദിച്ചു. തുടർന്ന് കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ നൽകാൻ പ്രോസിക്യൂഷന് കോടതി നിർദേശം നൽകുകയായിരുന്നു. ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കാനായി കേസ് മാറ്റുകയും ചെയ്തു.
രഞ്ജിത്തിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ തെളിവുകൾ പരിശോധിച്ചു വരികയാണ്. ലൈംഗികാതിക്രമം ഉണ്ടായ ദിവസം തന്നെ രഞ്ജിത് അതിജീവിതയെ വിളിച്ചിരുന്നു എന്ന് ഡിസിപി അശ്വതി ജിജി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണി ഉണ്ടായതായി പരാതി വന്നിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഫോണിലുള്ള മറ്റു തെളിവുകൾ പരിശോധിച്ച ശേഷം രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞിരുന്നു.
ജനുവരി 30ന് ഫോർട്ട് കൊച്ചിയിൽ ഷൂട്ടിങ് നടക്കുമ്പോൾ കാരവാനിൽ വച്ച് രഞ്ജിത് അപമര്യാദയായി പെരുമാറി എന്നാണ് യുവനടി നൽകിയിരിക്കുന്ന പരാതി. അതിജീവിത കാരവാനിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരിൽ നിന്നെടുക്കുന്ന മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും കേസ് നടപടികൾ മുന്നോട്ടു പോവുക. ഇവരിൽ നിന്ന് മൊഴിയെടുത്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ രഞ്ജിത്തിനെ കാരവാനിലെത്തിച്ച് തെളിവെടുത്തിരുന്നു. കേസ് വ്യാജമാണെന്നും തനിക്കെതിരായ ഗൂഡാലോചനയുടെ ഭാഗമാണെന്നുമാണ് രഞ്ജിത്തിന്റെ നിലപാട്. ഇക്കാര്യമായിരിക്കും ജാമ്യാപേക്ഷയിലും ഉന്നയിക്കുക. കരൾമാറ്റ ശസ്ത്രക്രിയ അടക്കം കഴിഞ്ഞതിന്റെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും രഞ്ജിത് കോടതിയെ അറിയിക്കും.


















































