തിരുവനന്തപുരം: കൊല്ലം സ്വദേശിനിയും ബെംഗളൂരുവിൽ ജോലിചെയ്യുന്നതുമായ യുവതിയെ പീഡിപ്പിച്ച കേസിലെ ജാമ്യാപേക്ഷ ലംഘിച്ചതിന് രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ്. അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാകാതിരിക്കുന്നതിനു കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് കോടതിനിർദേശം. ഈ മാസം 27-നാണ് രാഹുൽ കോടതിയിൽ ഹാജരാകേണ്ടത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസാണ് കേസ് പരിഗണിച്ചത്.
ഈ മാസം 16-നാണ് പരാതിക്കാരി രാഹുലിനെതിരേ നെടുമങ്ങാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. അടുത്ത ദിവസം വൈകുന്നേരം 7.23-ന് രാഹുൽ, പരാതിക്കാരിയെ തൻ്റെ ഫോണിൽനിന്ന് വാട്‌സാപ്പ് കോൾ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചു. ഇത് നേരത്തേ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നപ്പോൾ നിർദ്ദേശിച്ചിരുന്ന അഞ്ചാം ഉപാധിയുടെ ലംഘനമാണെന്ന് കാണിച്ച് പരാതിക്കാരിതന്നെ രാഹുൽ വിളിച്ചതിൻ്റെ സ്‌ക്രീൻ ഷോട്ട് അടക്കം പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിക്കാരിയെ സ്വാധീനിക്കാനോ ഫോണിലൂടെ ബന്ധപ്പെടാനോ പാടില്ലെന്നായിരുന്നു ജില്ലാ കോടതിയുടെ അഞ്ചാമത്തെ ഉപാധി. രാഹുൽ ഫോൺ ചെയ്തപ്പോൾ താൻ എടുത്തില്ല ഫോൺ വന്നത് തനിക്ക് കടുത്ത മാനസികസംഘർഷവും ഭീഷണിയുണ്ടാകുമെന്ന ഭയവും ഉണ്ടായതായി പരാതിയിൽ പറയുന്നു. രാഹുൽ മാങ്കൂറ്റത്തിൻ്റെ ജാമ്യം റദ്ദാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കല്ലംപള്ളി മനു സമർപ്പിച്ച ഹർജിയിൽ പരാതിക്കാരിയുടെ പരാതിയും മൊബൈൽ ഫോണിൻ്റെ സ്‌ക്രീൻ ഷോട്ടും ഹാജരാക്കിയിട്ടുണ്ട്.
പരാതിക്കാരി കെ.പി.സി.സി. പ്രസിഡൻ്റിന് ഇ-മെയിൽ സന്ദേശം അയച്ചാണ് ആദ്യം പരാതി നൽകിയത്. പോലീസുമായി ബന്ധപ്പെടാൻ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിട്ടും കെ.പി.സി.സി. പ്രസിഡൻ്റിനോട് പരാതി ഉണർത്തിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ജാമ്യ ഹർജിയുടെ വാദത്തിനിടെ പ്രതിഭാഗം ഉയർത്തിയ വാദം. പരാതിയിൽ ഒരിടത്തും പരാതിക്കാരിയുടെ പേരോ പീഡനം നടന്നതായി ആരോപിക്കുന്ന തീയതിയോ സ്ഥലമോ വ്യക്തമാക്കാത്തതിൽനിന്ന് പരാതി രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചനയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇതിനിടെയാണ് പരാതിക്കാരി മജിസ്‌ട്രേറ്റനു മുന്നിൽ നേരിട്ടെത്തി രഹസ്യമൊഴി നൽകിയത്. അതിനു പിറ്റേന്ന് രാഹുലിന്റെ വാട്സ്ആപ്പ് കോൾ പരാതിക്കാരിയ്ക്ക് ചെയ്യുകയായിരുന്നു.















































