പാലക്കാട്: പട്ടാമ്പിയിൽ 9 മാസം ഗർഭിണിയായ യുവതി മരിച്ചത് അമ്നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തിൽ കയറിയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ലെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. അമ്നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം സംഭവിച്ചതാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് പാലക്കാട് ഡിഎംഒ ടി വി റോഷിയും വ്യക്തമാക്കി.
അതേസമയം യുവതി മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയാണ് മരിച്ചത്.
ഫെബ്രുവരി 16നാണ് ഒൻപത് മാസം ഗർഭിണിയായ നൗഷിജയെ പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും ബ്ലീഡിങ്ങും ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്നും യുവതിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.
















































