ദുബായ്: യുഎഇയിൽ പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഇന്ധനവില കൂട്ടിയത്. ഇതോടെ ഗതാഗതച്ചെലവും അവശ്യസാധനങ്ങളുടെ വിലയും ഉയരുമെന്ന ആശങ്കയിലാണ് പ്രവാസികളും സ്വദേശികളും. ഇന്ധനവിലയിലെ ഈ വലിയ വർധനവ് യുഎഇയിലെ ജീവിതച്ചെലവ് വർധിപ്പിക്കുകയും പ്രവാസികളിൽ സാമ്പത്തിക സമ്മർദ്ദം കൂട്ടുകയും ചെയ്യുമെന്നതാണ് ആശങ്കയ്ക്ക് കാരണം.
പെട്രോളിന്റെ എല്ലാ വിഭാഗങ്ങളിലും ലിറ്ററിന് 80 ഫിൽസ് വീതം വർധിപ്പിച്ചു. സൂപ്പർ പെട്രോളിന്റെ വില 2.59 ദിർഹത്തിൽ നിന്ന് 3.39 ദിർഹമായി ഉയർന്നു. സ്‌പെഷ്യൽ പെട്രോൾ 2.48ൽ നിന്ന് 3.28 ദിർഹമായപ്പോൾ, ഇ പ്ലസ് പെട്രോൾ 2.40ൽ നിന്ന് 3.20 ദിർഹമായി വർധിച്ചു.
ഡീസലിനാണ് ഏറ്റവും വലിയ വിലവർധന രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 1.97 ദിർഹം വർധിച്ചതോടെ പുതിയ വില 4.69 ദിർഹമായി. രാജ്യത്ത് ഇത്രയും ഉയർന്ന ഡീസൽവില ആദ്യമായാണ് രേഖപ്പെടുത്തുന്നത്. ഡീസൽ വില ഉയർന്നതോടെ ചരക്ക് ഗതാഗതച്ചെലവ് കൂടുകയും അതുവഴി സാധനങ്ങളുടെ വില ഉയരാനും സാധ്യതയുണ്ട്.
ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ടാക്‌സി നിരക്കിലും മാറ്റം ആരംഭിച്ചിട്ടുണ്ട്. അജ്മാനിൽ കിലോമീറ്ററിന് 1.74 ദിർഹം ഉണ്ടായിരുന്നത് 1.89 ദിർഹമായി വർധിപ്പിച്ചു. ഗതാഗത മേഖലയിലെ ഈ മാറ്റം മറ്റു മേഖലകളെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.














































