വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഒരു തർക്കത്തിന് താൻ ആഗ്രഹിക്കുന്നില്ല, എന്നാൽ യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. തനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ട്രംപിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമാധാനം പ്രോത്സാഹിപ്പിക്കാനും ചർച്ചകളിലൂടെയും രാജ്യങ്ങൾ തമ്മിലുള്ള ബഹുതല ബന്ധങ്ങളിലൂടെയും പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താനുമാണ് താൻ ശ്രമിക്കുന്നത്. ഇന്ന് ലോകത്ത് വളരെയധികം ആളുകൾ കഷ്ടപ്പെടുന്നു. നിരപരാധികൾ കൊല്ലപ്പെടുന്നു. ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് താൻ കരുതുന്നുവെന്നും ലിയോ പതിനാലാമൻ പറഞ്ഞു. നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള 11 ദിവസത്തെ സന്ദർശനത്തിനായി അൾജീരിയയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാർപാപ്പയുടെ പ്രതികരണം.
അതേസമയം മാർപാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കുന്നയാളാണെന്നും വിദേശനയത്തിന്റെ കാര്യത്തിൽ വളരെ മോശമാണെന്നും ആയിരുന്നു ട്രംപിന്റെ വിമർശനം. അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ തനിക്ക് ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ യുഎസ്- ഇസ്രയേൽ യുദ്ധത്തെ മാർപാപ്പ വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. എന്നാൽ വത്തിക്കാന്റെ സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള ആഹ്വാനങ്ങൾ സുവിശേഷത്തിൽ അധിഷ്ഠിതമാണെന്നും ട്രംപ് ഭരണകൂടത്തെ താൻ ഭയപ്പെടുന്നില്ലെന്നുമായിരുന്നു ലിയോ പതിനാലാമൻ മാർപാപ്പയുടെ മറുപടി.
‘‘ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകുന്നത് ശരിയാണെന്ന് കരുതുന്ന ഒരു മാർപ്പാപ്പയെ എനിക്ക് വേണ്ട. അമേരിക്ക വെനിസ്വേലയെ ആക്രമിച്ചത് തെറ്റാണെന്ന് കരുതുന്ന മാർപാപ്പയെയും എനിക്ക് വേണ്ട. ലിയോ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ, തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് നിർത്തി ഒരു നല്ല മാർപാപ്പയാകാൻ ശ്രമിക്കണം’’– എന്നായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്.
കൂടാതെ, ലിയോ മാർപാപ്പ പദവിക്ക് പിന്നിൽ താനാണെന്നും ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിനെ പ്രീണിപ്പിക്കാനാണ് കഴിഞ്ഞ വർഷം വത്തിക്കാൻ ആദ്യമായി ഒരു അമേരിക്കക്കാരനെ മാർപാപ്പ താൻ തെരഞ്ഞെടുത്തതെന്നും ട്രംപ് വെളിപ്പെടുത്തി. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ല എന്നാണ് ഡോണൾഡ് ട്രംപ് പറഞ്ഞത്. മാർപാപ്പ ഒരു ലിബറൽ വ്യക്തിയാണെന്നും അദ്ദേഹം കുറ്റകൃത്യങ്ങളെ ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് പരിഹസിച്ചു.
ഇറാനിയൻ നാഗരികതയെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തികച്ചും അസ്വീകാര്യം എന്ന് കഴിഞ്ഞ ആഴ്ച മാർപാപ്പ വിശേഷിപ്പിച്ചിരുന്നു. മുൻപ് ഫ്രാൻസിസ് മാർപാപ്പയുമായും ട്രംപ് മോശം ബന്ധത്തിലായിരുന്നു. 2016ൽ ട്രംപിന്റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച ഫ്രാൻസിസ് മാർപാപ്പ, ട്രംപ് ഒരു ക്രിസ്ത്യാനിയല്ല എന്ന് സൂചിപ്പിച്ചിരുന്നു. അന്ന് മാർപാപ്പയുടെ നിലപാടിനെ അപമാനകരം എന്നാണ് ട്രംപ് അന്ന് വിളിച്ചത്.
‘ചർച്ചയ്ക്കിടെ ജെഡി വാൻസിന് നെതന്യാഹുവിന്റെ ഫോൺകോൾ; അതോടെ എല്ലാം വഴിമുട്ടി‘: ആരോപണവുമായ് ഇറാൻ















































