തിരുവനന്തപുരം: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിൽ തകൃതിയായി നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട വിവരം ചോരുന്നുണ്ടെന്ന സംശയത്തിൽ പോലീസ്. ഇതോടെ രഹസ്യ സ്വഭാവത്തിൽ വേണം തിരച്ചിലെന്ന് അന്വേഷണ സംഘത്തിന് എഡിജിപി കർശന നിർദേശം നൽകി. അതേസമയം രാഹുലിനായി അന്വേഷണ സംഘം വയനാട്- കർണാടക അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാഹുൽ ഇവിടെയെത്തിയെന്ന സംശയത്തിലാണ് അന്വേഷണ സംഘം. തിരച്ചിലിന് ഇന്നുമുതൽ കൂടുതൽ സംഘങ്ങൾകൂടി രംഗത്തിറങ്ങുമെന്നാണ് അറിയുന്നത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തുടർവാദവും വിധിയും ഇന്നുണ്ടാകും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിലായിരിക്കും ഇന്നും വാദം തുടരുക. ഇന്നലെ ഒന്നരമണിക്കൂറിലേറെയാണ് വാദം തുടർന്നത്. കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. ഇന്ന് കൂടുതൽ ഡിജിറ്റൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം.
കേസിൽ അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും പ്രതിഭാഗം ഹാജരാക്കിയപ്പോൾ ഗർഭച്ഛിദ്രത്തിന് സമ്മർദം ചെലുത്തുന്ന രാഹുലിന്റെ ചാറ്റുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദത്തിനായി ഇന്നലെ കൂടുതലും ആശ്രയിച്ചത്.



















































