ഇടുക്കി: ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ വെച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കഴുത്തിനുണ്ടായ പരിക്കുകൾ വനത്തിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുമ്പോൾ താങ്ങിപ്പിടിച്ചത് മൂലമുണ്ടായതാകാം. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്ന് കൊണ്ട് വരുമ്പോഴുമുണ്ടായത് ആകാമെന്നാണ് പൊലീന്‍റെ നിഗമനം.
ശരീരത്തിൽ കാട്ടാന ആക്രണത്തിൻ്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം പരിശോധന നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഡോക്ടറുടെയും സീതയുടെ ഭർത്താവ് ബിനുവിൻ്റെയും മക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. സ്ഥലത്ത് ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തി. ഇതേ തുടർന്നാണ് കാട്ടാന ആക്രമണമാണെന്ന നിഗമനത്തിൽ പൊലീസെത്തിയത്. റിപ്പോർട്ട് രണ്ടാഴ്ചക്കകം പൊലീസ് പീരുമേട് കോടതിയിൽ സമർപ്പിക്കും.
സീതയുടെ നെഞ്ചിലും കഴുത്തിലുമേറ്റ പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം പരിശോധനാ റിപ്പോർട്ട്. ഒരു ഡസനിലധികം പരിക്കുകൾ സീതയുടെ ശരീരത്തിൽ കാണപ്പെട്ടു എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സീതയുടെ നാഭിക്ക്, തൊഴിയേറ്റതിന് പുറമേ തലയുടെ രണ്ട് വശങ്ങളും പരുക്കൻ പ്രതലത്തിൽ ഇടിച്ചതിൻ്റെ പരിക്കുകളുണ്ട്. മുഖത്തും അടിയേറ്റിട്ടുണ്ട്. ഇടത് വലത് വശത്തെ വാരിയല്ലുകളിൽ നല്ല തരത്തിൽ പൊട്ടലുണ്ട്. ഇവയിൽ ചിലത് ശ്വാസകോശത്തിലേക്ക് തുളഞ്ഞ് കയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞ് പരുക്കേറ്റ സീതയെ പീരുമേട് താലൂക്ക് ആശുപത്രി എത്തിക്കുകയായിരുന്നു എന്നാണ് ഭർത്താവ് ബിനു പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ബിനുവും കുടുംബവും താമസിക്കുന്ന തോട്ടാപ്പുര ഭാഗത്ത് നിന്നും മൂന്ന് കിലോ മീറ്ററോളം അകലെ വനത്തിനുള്ളിൽ വെച്ചാണ് സംഭവം നടന്നത്. മരിച്ച സീതയും ഭർത്താവ് ബിനുവും രണ്ട് മക്കളും ചേർന്ന് വന വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് സീതയെ ആക്രമിച്ചത്. മരണം വന്യ ജീവി അക്രമണത്തെ തുടർന്ന് അല്ലെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടെത്തിയതായി ഫോറൻസിക് സർജൻ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്നാണ് സംഭവ സ്ഥലത്ത് പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.