തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ കാറിൽ ഇരുന്നാണ് ഉദ്യോഗസ്ഥർ മദ്യപിക്കുന്നത്. സ്റ്റേഷന്റെ മുന്നിൽ കാറ് നിർത്തിയ ശേഷം അതിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കാറിൽ ഡ്യൂട്ടി സമയത്ത് സിവിൽ വേഷത്തിൽ ഉണ്ടായിരുന്ന പോലീസുകാരാണ് മദ്യപിച്ചത്. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സൽക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവർ മദ്യപിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവർ വിവാഹ സൽക്കാരത്തിനായി പോയത്.
മദ്യപാനത്തിനും വിവാഹസൽക്കാരത്തിനും ശേഷം വീണ്ടും ഇവർ ഡ്യൂട്ടിയിൽ പ്രവേശിച്ചുവെന്നും സൂചന. സ്റ്റേഷനിൽ എത്തിയ ഒരാൾ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ പുറത്തായത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്പിയും നിർദ്ദേശം നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















































