മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. യുവതിയുടെ പ്രസവം വീട്ടിൽ നടന്നത് ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ്. എന്നാൽ യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന് യുവതിയുടെ ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു.
ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. തുടർന്നു വാടക വീട്ടിൽ നിന്ന് മൃതദേഹവുമായി പെരുമ്പാവൂരിലെ വീട്ടിലെത്തിയപ്പോഴേക്കും പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികളുണ്ടാവുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിൽ പ്രസവത്തെ തുടർന്ന് മരിച്ചത്. അഞ്ചാമത്തെ പ്രസവമായിരുന്നു ഇവരുടേത്.
അതേസമയം അസ്മയെ കയറ്റിയ ആംബുലൻസ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടൽ ആണെന്നാണ് പറഞ്ഞതെന്നും പുറത്തുവരുന്നുണ്ട്. കൂടാതെ, മരണവാർത്തയറിഞ്ഞ് സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പോലീസിനോട് പറഞ്ഞു. ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു. അതേസമയം, കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാമത് കുഞ്ഞ് ജനിച്ചതായി സിറാജുദ്ദീൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.