പാലക്കാട്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് ഇസ്രയേൽ ഇറാനുനേർക്ക് നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ മോദി തയ്യാറാവാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇത്തരം പരാമർശം നടത്തിയത്.
ഇന്ത്യയുമായി അടുത്തബന്ധമുള്ള രാജ്യമാണ് ഇറാൻ. അവർ ആക്രമിക്കപ്പെട്ടപ്പോൾ ഒന്നും ഉരിയാടാൻ പ്രധാനമന്ത്രിക്കാവുന്നില്ല. ഇത് രാജ്യത്തിന് അപമാനമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല. നടക്കുന്നത് വന്യമൃഗനീതിയാണ്. കാരണമില്ലാതെ ഒരു രാജ്യത്തെ ആക്രമിക്കുന്നത് അന്താരാഷ്ട്ര മര്യാദയല്ല. ഇറാനിലെ എണ്ണയും പ്രകൃതിവാതകവും അധീനതയിലാക്കാനാണ് അമേരിക്കൻ കളിക്കുന്നത്.
കേരളത്തിലെ ഏതൊരു കുടുംബത്തിനും പ്രവാസിബന്ധമുണ്ട്. അവരെല്ലാം ഉത്കണ്ഠയിലാണ്. യുദ്ധസാഹചര്യം ഒരുതരത്തിലും സംഭവിക്കാൻ പാടില്ലാത്തതാണ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത നാടാണ് ഇറാനെന്നാണ് പ്രചാരണം. എന്നാൽ, അത്തരത്തിലുള്ള പല രാജ്യങ്ങൾക്കും അമേരിക്കയുടെ പിന്തുണയുണ്ട്. ഇസ്രയേലിൽ ഭരണത്തിന് നേതൃത്വംകൊടുക്കുന്നവരും ഇവിടുത്തെ ആർ.എസ്.എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ വലതുപക്ഷം ലക്ഷ്യമിട്ടിരിക്കയാണെന്നും ഇടതുപക്ഷ മുന്നേറ്റം തടയാനാണ് ഇവരുടെ ശ്രമമെന്നും പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. വർഗിയതയുടെ ഇരുട്ടകറ്റിയ സർക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മുൻമന്ത്രി എ.കെ. ബാലൻ രചിച്ച ’പക്ഷം, മറുപക്ഷം’ എന്ന പുസ്തകം മുഖ്യമന്ത്രി എം.ബി. രാജേഷിന് കൈമാറി പ്രകാശനംചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.


















































