ആലപ്പുഴ: വിഎസിന്റെ ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിച്ചു. വേലിക്കകത്തു വീട്ടിലെ പൊതു ദർശനത്തിനു ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുപോയത്. ഡിസി ഓഫിസിലെ പൊതുദർശനത്തിനു ശേഷം ബീച്ച് റിക്രിയേഷൻ മൊതാനത്തേക്ക്. അവിടുത്തെ പൊതുദർശനത്തിനു ശേഷമാണ് വലിയ ചുടുകാട്ടിൽ സംസ്ക്കാരച്ചടങ്ങുകൾ നടക്കുക. ഉച്ചയ്ക്ക് 12.20 ഓടെയാണ് വിലാപയാത്ര ആലപ്പുഴ പറവൂരിലെ വീട്ടിൽ എത്തിയത്. പ്രിയ സഖാവിന് ആദരാഞ്ജലിയർപ്പിക്കാൻ വീട്ടിൽ ആയിരങ്ങളാണ് എത്തിയത്.
കുടുംബാംഗങ്ങൾക്ക് മൃതദേഹത്തിൽ അന്തിമോപചാരം അർപിക്കാൻ വീടിനുള്ളിൽ 10 മിനിട്ട് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് പൊതു ദർശനത്തിനായി മുറ്റത്ത് തയാറാക്കിയ പന്തലിലേക്ക് ഭൗതികശരീരം മാറ്റി. മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ വലിയ നിരവീടിന് സമീപത്തുണ്ട്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തിയത്.